ലിനി ഇന്ന് ഞങ്ങൾ തനിച്ചല്ല, ഒരു പാതിയുടെ കരുതലും സ്നേഹവും, അമ്മയുടെ മാതൃസ്നേഹവും വാത്സ്യല്യവും കൂട്ടുണ്ട്- സജീഷ്

നിപ വൈറസിനെതിരായ പോരാട്ടത്തിനിടെ മരണപ്പെട്ട സിസ്റ്റർ ലിനിയുടെ ഓർമ്മകൾക്ക് ഇന്ന് അഞ്ച് വർഷം. 2018 മെയ് 21നായിരുന്നു നിപ വൈറസിന് മുന്നിൽ ലിനി കീഴടങ്ങുന്നത്. ഇന്ന് ലിനിയുടെ ഓർമ്മദിനത്തിൽ ഹൃദയസ്പർശിയായ കുറുപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് സജീഷും പ്രതിഭയും. കഴിഞ്ഞ വർഷമാണ് സജീഷ് പ്രതിഭയെ വിവാഹം കഴിക്കുന്നത്.

‘ലിനി… നീ ഞങ്ങളെ വിട്ടുപിരിഞ്ഞിട്ട്‌ അഞ്ച്‌ വർഷം തികയുന്നു. ഇന്ന് ഞങ്ങൾ തനിച്ചല്ല…. ഒരു പാതിയുടെ കരുതലും സ്നേഹവും എനിക്കും, ഒരു അമ്മയുടെ മാതൃസ്നേഹവും വാത്സ്യല്യവും നമ്മുടെ മക്കൾക്കും കിട്ടുന്നുണ്ട്‌. നീ തന്ന അളവിൽ കുറയാതെ ഇന്ന് ഞങ്ങൾ അത്‌ അനുഭവിക്കുന്നുണ്ടെങ്കിൽ ‌നിൻറെ നിഴൽ കാവലായ് ഞങ്ങളുടെ കൂടെ ഉളളത്‌ കൊണ്ട്‌ മാത്രമാണ്‌. മെയ്‌ 21 വേർപാടിൻറെ ഓർമ്മദിനം’ ലിനിയുടെ ചിത്രത്തോടൊപ്പം സജീഷ് ഫേസ്ബുക്കിൽ കുറിച്ചു.

‘ലിനി… നിൻറെ ഓർമ്മകൾക്കും നിന്നിലെ അമ്മ മനസ്സിനും മരണമില്ല. അതുകൊണ്ട്‌ തന്നെ നമ്മുടെ മക്കൾ ഇന്ന് തനിച്ചല്ല. സ്നേഹവും വാത്സല്യവും കരുതലും കൊടുക്കാൻ അമ്മയായ്‌ ഞാൻ കൂടെ ഉണ്ട്‌. നമ്മുടെ മക്കൾ എന്നെ അമ്മ എന്ന് വിളിക്കുമ്പോൾ എന്നിലവർ നിന്നെ തന്നെ ആണ്‌ കാണുന്നത്‌. എണ്ണിത്തിട്ടപ്പെടുത്തിയ ദിവസങ്ങളുടെയോ വർഷങ്ങളുടെയോ കണക്കുകൾ വേണ്ട നിന്നെ ഓർമ്മിക്കാൻ. കാരണം നീ ഞങ്ങളിൽ ഒരാളായി കൂടെ തന്നെ ഉണ്ട്‌. കാവലായെന്നാണ് പ്രതിഭ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

കോഴിക്കോട്​ ചെമ്പനോട സ്വദേശിനിയായ ലിനി പേരാ​മ്പ്ര താലൂക്ക്​ ആശുപത്രിയിലെ നഴ്​സായിരുന്നു. നിപ വൈറസ്​ ബാധിച്ച് ആശുപത്രിയിലെത്തിയ രോഗിയിൽനിന്ന്​ പകർന്ന വൈറസാണ്​ ലിനിയുടെ ജീവനും നഷ്ടപ്പെടുത്തിയത്. 2018 മെയ്​ 21നായിരുന്നു ലോകത്തെയാകെ കണ്ണീരിലാഴ്ത്തിയ വേർപാട്. ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു മരണം. പിഞ്ചോമനകളെ തനിച്ചാക്കിയ ലിനിയുടെ വേർപാട് നാടിന് നൊമ്പരമായിരുന്നു. സർക്കാർ പിന്നീട് സജീഷിന് ആരോഗ്യ വകുപ്പിൽ ജോലി നൽകിയിരുന്നു. കൊയിലാണ്ടിക്കാരിയായ പ്രതിഭയാണ് ലിനിയുടെ മക്കൾക്ക് അമ്മയായി സജീഷിൻറെ ജീവിതത്തിലേക്ക് കടന്ന് വന്നത്. വിവാഹ മോചിതയായിരുന്ന പ്രതിഭയ്ക്ക് ഒരു മകളുമുണ്ട്.