ബാഴ്സലോണ വിട്ട ഇതിഹാസ താരം മെസി പി.എസ്.ജി.യിലേക്ക്

22 വർഷങ്ങൾ ബാഴ്സലോണയ്ക്ക് വേണ്ടി ബൂട്ടണിഞ്ഞ ഇതിഹാസ താരം ലയണൽ മെസി ഫ്രഞ്ച് ക്ലബായ പി.എസ്.ജി.യിൽ ചേരും. ഫ്രഞ്ച് ഭീമന്മാരായ പാരീസ് സെന്റ് ജർമ്മനുമായുള്ള (പി.എസ്.ജി.) മെസിയുടെ മൂന്ന് വർഷത്തെ കരാർ ധാരണയായി എന്നാണ് നിലവിലെ വിവരം. പി.എസ്.ജി.യിൽ പത്താം നമ്പർ ജേഴ്‌സി വേണ്ടെന്ന് മെസി പറഞ്ഞു. ബാഴ്സലോണയുമായുള്ള കരാർ അവസാനിക്കുന്ന ലയണൽ മെസി ഉടൻ തന്നെ പി.എസ്.ജി.യിലേക്ക് ചേക്കേറും. 12ആം വയസ്സിൽ ബാഴ്സലോണയ്ക്ക് വേണ്ടി ബൂട്ടണിഞ്ഞ താരം 22 വർഷങ്ങൾ ക്ലബിൽ ചെലവഴിച്ചതിനു ശേഷ൦ മടങ്ങുകയാണ്.

ബാഴ്സലോണയുടെ മുൻ പരിശീലകനായ പെപ്പിന് മെസിയെ ക്ലബിലെത്തിക്കാൻ താത്പര്യമുണ്ടായിരുന്നു. ഇന്നലെയാണ് മെസി ബാഴ്സ വിട്ടു എന്നതിനുള്ള ഔദ്യോഗിക സ്ഥിരീകരണമുണ്ടായത്. സാമ്പത്തിക, സാങ്കേതിക കാരണങ്ങൾ കൊണ്ട് മെസി ക്ലബ് വിടുകയാണെന്നാണ് വാർത്താകുറിപ്പിലൂടെ ബാഴ്സലോണ അറിയിച്ചത്. അഞ്ച് വർഷത്തെ കരാർ അംഗീകരിച്ച് 50 ശതമാനം വേതന ഇളവും അംഗീകരിച്ചതിനു പിന്നാലെയാണ് നാടകീയമായി സൂപ്പർ താരം ഇനി ക്ലബിൽ തുടരില്ലെന്ന് ബാഴ്സലോണ വ്യക്തമാക്കിയത്.

കരാർ അംഗീകരിച്ചതിനെ തുടർന്ന് അതിൽ സംശയമുണ്ടെന്നും പരിശോധിക്കുമെന്നും ലാ ലിഗ പ്രസിഡൻ്റ് തെബാസ് വ്യക്തമാക്കിയിരുന്നു. ക്ലബിലേക്ക് പുതുതായി സൈൻ ചെയ്ത താരങ്ങളെയൊന്നും കളിക്കാനിറക്കാനാവില്ലെന്ന പ്രതിസന്ധി മുന്നിൽ നിൽക്കവേയാണ് വേതനം കുറച്ച് മെസി കരാർ അംഗീകരിക്കുന്നത്. എന്നാൽ, ഇതെല്ലാം അസ്ഥാനത്താക്കി ലാ ലിഗ ഏർപ്പെടുത്തിയ സാമ്പത്തിക നിയന്ത്രണങ്ങളിൽ കുടുങ്ങി മെസിയും ക്ലബും വേർപിരിയുകയായിരുന്നു.