മദ്യവില കുതിക്കും, ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന് എക്സൈസ് തീരുവ കൂട്ടി

തിരുവനന്തപുരം : ഇനി മദ്യവും പൊള്ളും ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന് എക്സൈസ് തീരുവ ലിറ്ററിന് 10 രൂപ കൂട്ടി. ​ഗൽവനേജ് ഫീസിനത്തിൽ 200 കോടി സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. പുതുക്കിയ വിലകൾ ഉടനെ പ്രാബല്യത്തിൽ വരും.

ഏതെക്കെ ബ്രാൻഡിനാകും വില കൂടുന്നതെന്ന് വരും ദിവസങ്ങളിൽ വ്യക്തമാകും. കഴിഞ്ഞ ബജറ്റിലും മദ്യവില കൂട്ടിയിരുന്നു. ഇതോടെ ജനപ്രിയ ബ്രാൻഡുകളുടെ നിരക്ക് വർദ്ധിച്ചിരുന്നു. സാമൂഹ്യ സുരക്ഷാ സെസ് എന്ന പേരിലായിരുന്നു അന്ന് വർദ്ധന. 500 രൂപ മുതല്‍ 999 രൂപവരെ വിലവരുന്ന ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന് ഒരു ബോട്ടിലിന് 20 രൂപാനിരക്കിലും 1000 രൂപാമുതല്‍ മുകളിലോട്ട് വിലവരുന്ന മദ്യത്തിന് ബോട്ടിലിന് 40 രൂപാനിരക്കിലും ഒരു സാമൂഹ്യ സുരക്ഷാ സെസ് ഏര്‍പ്പെടുത്തിയത്

അതേസമയം മറ്റ് സംസ്ഥാനങ്ങളെ മാതൃകയാക്കി പങ്കാളിത്ത പെൻഷൻ പദ്ധതിക്ക് പകരം മറ്റൊരു പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. അതേസമയം സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നൽകാനുള്ള ഡിഎ കുടിശികയിൽ ഒരു ഗഡു ഏപ്രിൽ മാസത്തെ ശമ്പളത്തോടൊപ്പം നൽകുമെന്ന് മന്ത്രി പറഞ്ഞു. ആറ് ഗഡുവാണ് നിലവിൽ കുടിശിക. കോടതി ഫീസുകൾ വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ 50 കോടി വരുമാനം പ്രതീക്ഷിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു.