ബവ്കോ ശുപാർശ ചെയ്ത 175 മദ്യക്കടകളിൽ ഏറ്റവുമധികം തൃശൂർ ജില്ലയിൽ

മദ്യക്കടകൾക്കു മുന്നിലെ തിരക്കു കുറയ്ക്കുന്നതിന്റെ ഭാ​ഗമായി പുതിയതായി ആരംഭിക്കാൻ പോകുന്ന ബവ്കോ ശുപാർശ ചെയ്ത 175 മദ്യക്കടകളിൽ ഏറ്റവുമധികം തൃശൂർ ജില്ലയിലെന്ന് റിപ്പോർട്ടുകൾ. ഇവിടെ 23 എണ്ണവും തിരുവനന്തപുരത്ത് 22 എണ്ണവും ആലപ്പുഴയിൽ 21 എണ്ണവും തുടങ്ങാനാണു ശുപാർശ.

ടൂറിസം കേന്ദ്രങ്ങൾ എന്ന പരിഗണനയിൽ ആലപ്പുഴ ബീച്ച്, കോവളം, നെയ്യാർ ഡാം, മൺറോ തുരുത്ത്, മാരാരി ബീച്ച്, വീഗാലാൻഡ്, അതിരപ്പിള്ളി, മലമ്പുഴ, വൈത്തിരി എന്നിവിടങ്ങളിലും മദ്യക്കട വേണം.

ജനസാന്ദ്രത അടിസ്ഥാനപ്പെടുത്തി നഗരങ്ങളിലാകെ 91 മദ്യക്കടകളും ഗ്രാമങ്ങളിൽ 84 ഉം തുടങ്ങാനുള്ള പട്ടികയാണു ബവ്കോ സർക്കാരിനു കൈമാറിയിരുന്നത്. എത്രയെണ്ണം തുടങ്ങുമെന്നോ, പട്ടികയിലെ ഏതെല്ലാം സ്ഥലങ്ങളിലാണെന്നോ വ്യക്തമാക്കിയിട്ടില്ല. ഇതുസംബന്ധിച്ച നിർദേശം എക്സൈസ് വകുപ്പിനും ബവ്കോയ്ക്കും ലഭിക്കുന്ന മുറയ്ക്ക് കടകൾ തുറക്കാനുള്ള നടപടി തുടങ്ങും.

കോർപറേഷനുകളിൽ തിരുവനന്തപുരം (10), കൊല്ലം (3), തൃശൂർ (2), കണ്ണൂർ (2) എന്നിവിടങ്ങളിലാണ് ഒന്നിലധികം വേണ്ടത്. മുനിസിപ്പാലിറ്റികളിൽ കാസർകോട് (2), പഞ്ചായത്തുകളിൽ തിരുവനന്തപുരത്തെ കുന്നത്തുകാൽ (2) എന്നിവിടങ്ങളിലും ഒന്നിലധികം വേണമെന്നു ശുപാർശയുണ്ട്. പട്ടികയിലുള്ള പല സ്ഥലങ്ങളിലും നിലവിൽ മദ്യക്കടയുണ്ട്. തിരക്കു കണക്കിലെടുത്താണ് ഇവിടെത്തന്നെ പുതിയതിനുള്ള ശുപാർശ. എന്നാൽ ബവ്കോ സമർപ്പിച്ച പട്ടികയിലെ മുഴുവൻ മദ്യക്കടകളും തുടങ്ങാൻ തീരുമാനിച്ചാൽ പോലും അതു പ്രാവർത്തികമാകാൻ വർഷങ്ങൾ വേണ്ടിവരും.