കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു

കാസർ​ഗോഡ് ചെർക്കപ്പാറയിൽ കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു. ചെർക്കപ്പാറ സ്വദേശികളായ ദിനേശന്റെ മകൻ ദിൽജിത്ത്‌, രവീന്ദ്രന്റെ മകൻ നന്ദഗോപാൽ എന്നിവരാണ് മരിച്ചത്. ഇരുവർക്കും 14 വയസ്സാണ്. ചെർക്കപ്പാറ സ്കൂളിന് സമീപത്തെ കുളത്തിൽ നാലംഗ സംഘമാണ് അഞ്ചുമണിയോടെ കുളിക്കാനിറങ്ങിയത്.

കുളത്തിൽ മുങ്ങി 20 മിനിറ്റിനുശേഷമാണ് രണ്ടുപേരെയും പുറത്തെടുത്തത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. നാട്ടുകാരും കാഞ്ഞങ്ങാട് നിന്നും കാസർഗോഡ് നിന്നുമുള്ള അഗ്നിരക്ഷാസേനയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇരുവരുടെയും മൃതദേഹം പോസ്റ്റുമോർട്ടം നടത്തിയശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.