തെരുവ് നായകളെ കൊല്ലാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തദ്ദേശ സ്ഥാപനങ്ങള്‍ സുപ്രീംകോടതിയെ സമീപിച്ചു

ന്യൂഡല്‍ഹി. കണ്ണൂര്‍ ജില്ലാ പഞ്ചായത്തും കോഴിക്കോട് കോര്‍പ്പറേഷനും അക്രമകാരികളായ തെരുവ് നായകളെ കൊല്ലാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീച്ചു. കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന് വേണ്ടി പിപി ദിവ്യയും കോഴിക്കോട് കോര്‍പ്പറേഷന് വേണ്ടി സെക്രട്ടറി കെ യുവുമാണ് സുപ്രീംകോടതിയില്‍ കക്ഷി ചേരല്‍ അപേക്ഷ നല്‍കിയത്.

1994 ലെ പഞ്ചായത്ത് രാജ് നിയമപ്രകാരം മനുഷ്യന് ഭീഷണിയാകുന്ന തെരുവ് നായകളെയും പന്നികളെയും കൊല്ലാന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കിയിരുന്നു. എന്നാല്‍ 2001ലെ എബിസി ചട്ടങ്ങള്‍ പ്രകാരം തെരുവ് നായകളെ കൊല്ലാനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഇല്ലെന്ന് കേരള ഹൈക്കോടതി വിധിച്ചു.

കേരള ഹൈക്കോടതി നടത്തിയ ഈ വിധി തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയാണ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ സുപ്രീംകോടതിയെ സമീപിച്ചത്. കണ്ണൂരിലും കോഴിക്കോടും നടന്ന തെരുവ് നായ ആക്രമങ്ങളുടെ പട്ടികയും ഇവര്‍ കോടതിയില്‍ ഹാജരാക്കി. അതേസമയം കേരളത്തില്‍ തെരുവ് നായകള്‍ക്കെതിരെ വ്യാപകമായ അതിക്രമം നടക്കുന്നുണ്ടെന്ന് ആരോപിച്ച് നല്‍കിയ ഹര്‍ജി പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ ബെഞ്ചിന് മുമ്പില്‍ അഭിഭാഷകന്‍ ആവശ്യപ്പെട്ടു.

എന്നാല്‍ ആവശ്യം നാളെ ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ ഉന്നയിക്കുവാന് ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു. കേരളത്തിലെ തെരുവ് നാകളുമായി ബന്ധപ്പെട്ട വിഷയം പരിഗണിക്കുന്നത് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ്. സെപ്റ്റംബര്‍ ഇരുപത്തിയെട്ടിനാണ് ഹര്‍ജികള്‍ പരിശോധിക്കുന്നത്.