നിയന്ത്രണങ്ങള്‍ കടുപ്പിച്ച്‌ സംസ്ഥാനം, വാഹന പരിശോധന കര്‍ശനമാക്കി

: ലോക്ക്ഡൗണില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച്‌ സംസ്ഥാനം. വാഹന പരിശോധന കര്‍ശനമാക്കി. ഗ്രീന്‍ സോണ്‍ വിഭാഗത്തിലുളള കോട്ടയം, ഇടുക്കി ജില്ലകളിലും നിയന്ത്രണമുണ്ട്. ഈ ജില്ലകളില്‍ അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങുന്നതിന് വിലക്കുണ്ട്. ഓട്ടോ, ടാക്സി സര്‍വീസുകള്‍ക്കും വിലക്കുണ്ട്. അതേസമയം, പാലക്കാട് നഗരസഭാപരിധിയെ ഹോട്ട്സ്പോട്ടില്‍നിന്നും ഒഴിവാക്കി. വയനാട്ടില്‍ അവശ്യ സേവനങ്ങള്‍ക്ക് മാത്രമാണ് അനുമതി.

ആലപ്പുഴ ജില്ലയിലെ ഹോട്ട്സ്‌പോട്ടുകള്‍ തിരുത്തി ഉത്തരവിറക്കി. തണ്ണീര്‍മുക്കം, മുളക്കുഴ, ചെറിയനാട് പഞ്ചായത്തുകള്‍ ഹോട്ട്സ്‌പോട്ടില്‍ ഉള്‍പ്പെടുത്തി. ചെങ്ങന്നൂര്‍ നഗരസഭയും മുഹമ്മ പഞ്ചായത്തും ഹോട്ട്സ്‌പോട്ട് ലിസ്റ്റില്‍നിന്നും ഒഴിവാക്കി. തൃശൂരില്‍ ഹോട്ട്സ്‌പോട്ട് പട്ടികയിലുണ്ടായിരുന്ന മതിലകം, വളളത്തോള്‍ നഗര്‍, ചാലക്കുടി എന്നീ സ്ഥലങ്ങളെ ഒഴിവാക്കി. പകരം ചാലക്കുടിയിലെ കോടശ്ശേരി പഞ്ചായത്തിനെ മാത്രം ഹോട്ട്സ്‌പോട്ടാക്കി പ്രഖ്യാപിച്ചു.

കോവിഡ് രോഗികള്‍ കൂടുതലുളള കണ്ണൂര്‍ ജില്ലയില്‍ ഇന്നു മുതല്‍ ട്രിപ്പിള്‍ ലോക്ക്ഡൗണാണ്. അനാവശ്യമായി പുറത്തിറങ്ങുന്നവരെയെല്ലാം അറസ്റ്റ് ചെയ്യുമെന്ന് ഉത്തരമേഖല ഐജി അശോക് യാദവ് പറഞ്ഞു. അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കും. എല്ലാ പൊലീസ് സ്റ്റേഷന്‍ പരിധിയിലും കര്‍ശന പരിശോധന ഏര്‍പ്പെടുത്തിയിട്ടുണ്ട്. മൂന്നു എസ്‌പിമാരുടെ കീഴിലായിരിക്കും കണ്ണൂരില്‍ കര്‍ശന പരിശോധന.