തെലങ്കാന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന ആരോപണം;തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ ലുക്കൗട്ട് നോട്ടീസ്

ഹൈദരാബാദ്. തെലങ്കാന സര്‍ക്കാരിനെ അട്ടിമറിക്കുവാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിക്കു തെലങ്കാന പോലീസിന്റെ ലുക്കൗട്ട് നോട്ടിസ്. ഭരണകക്ഷിയായ ടിആര്‍എസില്‍ നിന്നും എംഎല്‍എമാരെ കൂറുമാറ്റി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ലുക്കൗട്ട് നോട്ടിസ്. ഓപ്പറേഷന്‍ താമരയുമായി ബന്ധപ്പെട്ട കേസില്‍ ചോദ്യം ചെയ്യലിനു ഹാജരാകാതിരുന്നതിനാണ് നടപടി. ജഗ്ഗുസ്വാമിക്കും ലുക്കൗട്ട് നോട്ടിസുണ്ട്. തെലങ്കാനയില്‍ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഓപ്പറേഷന്‍ താമര പദ്ധതിക്കു പിന്നിലെ കേന്ദ്രബിന്ദു തുഷാറാണെന്ന് മുഖ്യമന്ത്രി കെ ചന്ദ്രശേഖരറാവു ആരോപിച്ചിരുന്നു.

ടിആര്‍എസിന്റെ എംഎല്‍എമാരെ സ്വാധീനിക്കാന്‍ 100 കോടി രൂപ വാഗ്ദാനം ചെയ്തത് അമിത് ഷായുടെ നോമിനായ തുഷാറാണെന്നായിരുന്നു കെസിആറിന്റെ ആരോപണം. തുഷാറിന്റെ ഏജന്റുമാര്‍ ടിആര്‍എസിന്റെ എംഎല്‍എമാരോട് ഇക്കാര്യം വെളിപ്പെടുത്തുന്ന വിഡിയോയും കെസിആര്‍ വാര്‍ത്താസമ്മേളനം വിളിച്ച് പുറത്തുവിട്ടിരുന്നു. തുടര്‍ന്ന് തെലങ്കാന പൊലീസ് കൊച്ചി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ റെയ്ഡ് നടത്തുകയും ചെയ്തു. തെലങ്കാന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപിക്കു വേണ്ടി ഇടപെട്ടത് തുഷാര്‍ വെള്ളാപ്പള്ളിയാണെന്ന് തെളിയിക്കാന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖരറാവു അര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള 5 വിഡിയോകള്‍ പുറത്തുവിട്ടിരുന്നു. അമിത്ഷായും തുഷാറും ഒരുമിച്ചുനില്‍ക്കുന്ന ഫോട്ടോകളും മറ്റു ചില രേഖകളും വാര്‍ത്താസമ്മേളനത്തില്‍ വിതരണം ചെയ്തു.

ബിഡിജെഎസ് പ്രസിഡന്റ് ആയ തുഷാര്‍ ആണ് തെലങ്കാന രാഷ്ട്ര സമിതി എംഎല്‍എമാരെ വിലയ്ക്കെടുക്കാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായവരുടെ പുറകിലെന്ന് മുഖ്യമന്ത്രി ആരോപിച്ചിരുന്നു. പി രോഹിത് റെഡ്ഢി എംഎല്‍എയുടെ ഹൈദരാബാദിനു സമീപത്തുള്ള ഫാം ഹൗസിലെ രഹസ്യക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവിട്ടിരുന്നത്.. രോഹിത് റെഡ്ഢിയുടെ പരാതിയെ തുടര്‍ന്നാണ് രാമചന്ദ്ര ഭാരതി, കോര്‍ നന്ദു കുമാര്‍, സിംഹയാജി സ്വാമി എന്നിവര്‍ക്കെതിരെ കേസെടുത്തത്.

ബിജെപിയിലേക്ക് കൂറുമാറാന്‍ 100 കോടി രൂപ വാഗ്ദാനം ചെയ്തു എന്നാണ് പരാതി. ബിജെപിയിലേക്ക് കൂറുമാറിയാലുള്ള സാമ്പത്തിക നേട്ടത്തെപ്പറ്റി 4 എംഎല്‍എമാരോട് അറസ്റ്റിലായവര്‍ വിശദീകരിക്കുന്നതാണ് ദൃശ്യത്തിലുള്ളത്. ഇതിനിടെ രോഹിത് റെഡ്ഢി തുഷാര്‍ വെള്ളാപ്പള്ളിയുമായി സംസാരിക്കുന്നത് മൊബൈല്‍ സ്പീക്കര്‍ ഓണാക്കി കേള്‍പ്പിക്കുന്നുണ്ട്. നാളെ മുതല്‍ വിഷയം പരിഗണിക്കാം, ഞാന്‍ ബി എല്‍ സന്തോഷുമായി തീയതിയെപ്പറ്റി സംസാരിക്കാം എന്ന് പറയുന്നത് തുഷാര്‍ ആണെന്നും കെ ചന്ദ്രശേഖരറാവു പറയുന്നു.