വെറും അമ്മായി കളി കളിക്കരുത്, ലഹരി കൊണ്ട് പല്ലുകൾ വരെ പൊടിഞ്ഞ ആ നടന്റെ പേര് ടിനി പുറത്തു വിടണം: എം.എ നിഷാദ്

മലയാള സിനിമയിലെ ലഹരി ഉപയോ​ഗത്തെക്കുറിച്ച് ടിനി ടോം നടത്തിയ പ്രസ്താവന ചർച്ചയായിരുന്നു. ലഹരിക്ക് അടിമയായി പല്ലുകൾ പൊടിഞ്ഞ നടന്റെ പേര് ടിനി ടോം വെളിപ്പെടുത്താൻ തയ്യാറാകണമെന്ന് സംവിധായകൻ എം.എ. നിഷാദ്. ടിനി ടോമിന്റെ കൈയിലുള്ള തെളിവുകൾ പൊലീസിനോ എക്‌സൈസ് വിഭാഗത്തിനോ കൈമാറണമെന്നും ഇത്തരക്കാരായ ആളുകളുടെ പൊതുസമൂഹത്തിനു മുന്നിൽ കൊണ്ടുവരണമെന്നും എം.എ. നിഷാദ് പറയുന്നു.

” ടിനിടോമിന് ധൈര്യം കൊടുക്കണം. അദ്ദേഹം പറഞ്ഞ പേരുകൾ പുറത്ത് വിടാൻ #comeontinitom എന്ന ഹാഷ് ടാഗ് കാമ്പയിനു തുടക്കമിടാം. ടിനി ടോം എന്ന നടൻ, കുടത്തിൽ നിന്നും ഒരു ഭൂതത്തെ തുറന്നു വിട്ടു. തീർച്ചയായും അതൊരു ചർച്ചാ വിഷയം തന്നെ. ഇനി ടിനി ടോം സാമൂഹിക പ്രതിബദ്ധത കാണിക്കണം…

അയാൽ പറഞ്ഞത് ശരിയാണെന്ന ഉത്തമ ബോധ്യം അയാൾക്കുണ്ടല്ലോ അതു കൊണ്ടാണ് അയാൾ പരസ്യമായി വിളിച്ച് പറഞ്ഞത്… ടിനി, താങ്കൾ പറഞ്ഞ പേരുകളും തെളിവുകളും പുറത്ത് വിടണം…ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മുന്നിൽ അത് അവതരിപ്പിക്കണം… വെറും അമ്മായി കളി കളിക്കരുത്…കയ്യടിക്ക് വേണ്ടി പറഞ്ഞതല്ല എന്ന് വിശ്വസിക്കട്ടെ…കമോൺ ടിനി…കമോൺ

എല്ലാവരെയും മഴയത്തു നിർത്തുന്ന പരിപാടി ശരിയല്ല. നടന്റെ പേര് ടിനി ടോം പൊതുസമൂഹത്തിനു മുന്നിൽ പറഞ്ഞില്ലെങ്കിൽപോലും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അടുത്ത് പറയണം. അല്ലെങ്കിൽ പൊലീസോ എക്‌സൈസ് വിഭാഗമോ ടിനി ടോമുമായി സഹകരിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കണം. അത് പറയാനുള്ള മനക്കരുത്ത് ടിനി ടോമും കാണിക്കണം. ടിനി ടോം ‘അമ്മ’യുടെ ഔദ്യോഗിക മെംബർ ആണ്. അയാൾക്കൊരു ഉത്തരവാദിത്തമുണ്ട്.”അദ്ദേഹം പറഞ്ഞു.