മക്കളെ പോലും കാണാൻ അനുമതിയില്ല, അനുഭവിക്കുന്നത് കടുത്ത മാനസിക പീഡനം, ഭാര്യയ്ക്കെതിരെ പരാതിയുമായി ‘മഹാഭാരത്’ നടൻ

ഐഎസ് ഉദ്യോഗസ്ഥയായ മുന്‍ഭാര്യക്കെതിരെ പരാതിയുമായി നടന്‍ നിതീഷ് ഭരദ്വാജ്. മധ്യപ്രദേശ് ഐഎസ് കേഡറിലെ ഓഫീസറായ സ്മിത് ഭരദ്വാജിനെതിരെയാണ് ഭോപ്പാൽ പൊലീസ് കമ്മീഷണർ ഹരിനാരായണാചാരി മിശ്രയ്ക്ക് നിതീഷ് പരാതി നല്‍കിയത്.

സ്മിത മാനസികമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ചാണ് നിതീഷിന്റെ പരാതി. നിലവില്‍ വേർപിരിഞ്ഞ് താമസിക്കുന്ന സ്മിത മക്കളെ കാണാൻ അനുവദിക്കുന്നില്ലെന്നും നിതീഷ് പരാതിയില്‍ പറയുന്നു. 2018ല്‍ വിവാഹമോചനവുമായി ബന്ധപ്പെട്ട് ഇരുവരും മുംബയിലെ കുടുംബകോടതിയില്‍ അപേക്ഷ സമർപ്പിച്ചിരുന്നു. കേസ് നടക്കുന്നതിനെ തുടർന്ന് സ്മിതയോടൊപ്പമാണ് രണ്ട് മക്കളും താമസിക്കുന്നത്. എന്നാല്‍ മക്കളെ കാണാനോ സംസാരിക്കാനോ ഭാര്യ അനുവദിക്കുന്നില്ലെന്നാണ് നിതീഷിന്റെ ആരോപണം. മക്കളെ ഇടയ്ക്കിടയ്ക്ക് സ്കൂള്‍ മാറ്റുന്നതിലുളള ബുദ്ധിമുട്ടും നടൻ പരാതിയില്‍ പറയുന്നുണ്ട്.

12 വർഷങ്ങള്‍ക്ക് മുൻപാണ് ഇരുവരും വിവാഹിതരായത്.ഭോപ്പാലിലെ മനുഷ്യാവകാശ കമ്മീഷൻ ഓഫീസിലെ അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് സ്മിത. നിതീഷിന്റെ പരാതിയില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് കമ്മീഷണറായ ഹരിനാരായണാചാരി മിശ്ര പ്രതികരിച്ചിട്ടുണ്ട്.

ബി ആർ ഫിലിംസിന്റെ ബാനറില്‍ 1988 മുതല്‍ ഹിന്ദിയില്‍ സംപ്രേഷണം ആരംഭിച്ച മഹാഭാരതം സീരിയലില്‍ കൃഷ്ണന്റെ വേഷമാണ് നിതീഷ് അവതരിപ്പിച്ചിരുന്നത്. സീരിയലില്‍ ആരാധകരുടെ ഇഷ്ടതാരമായിരുന്നു നടൻ. മലയാളത്തില്‍ 1991ല്‍ പുറത്തിറങ്ങിയ ഞാൻ ഗന്ധർവ്വൻ എന്ന ചിത്രത്തില്‍ ഗന്ധർവ്വനായും നിതീഷ് അഭിനയിച്ചിരുന്നു.