മഹാരാജാസ് കോളേജ് സംഘർഷം, രണ്ട് എസ്.എഫ്.ഐ പ്രവർത്തകർ അറസ്റ്റിൽ

എറണാകുളം: മഹാരാജാസ് കോളജിലെ സംഘർഷത്തെത്തുടർന്ന് രണ്ട് എസ്.എഫ്.ഐ പ്രവർത്തകർ അറസ്റ്റിൽ. എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് പ്രജിത്, വൈസ് പ്രസിഡന്റ് ആശിഷ് എന്നിവരാണ് പിടിയിലായത്. മഹാരാജാസ് കോളജ് സംഘർഷത്തിന് ശേഷം ആശുപത്രിയിലെത്തിയ കെ.എസ്.യു- ഫ്രറ്റേണിറ്റി പ്രവർത്തകരെ എസ്.എഫ്.ഐ പ്രവർത്തകർ മർദിച്ചിരുന്നു. ഈ സംഭവത്തിലാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.

ഇതോടെ കൂടി മഹാരാജാസിലെ സംഘർഷവുമായി ബന്ധപ്പെട്ട് മൂന്ന് പേർ അറസ്റ്റിലായിട്ടുണ്ട്. നേരത്തെ കെ.എസ്.യു പ്രവർത്തകനെ പൊലീസ് ആറസ്റ്റ് ചെയ്തിരുന്നു. ഈ കേസിലെ ആദ്യ അറസ്റ്റായിരുന്നു ഇത്. ഇന്ന് ഉച്ചയോടെ ഇവരെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും.

അതേസമയം കോളജിന് പുറത്തും ആശുപത്രിയിലും ആംബുലൻസിലും അക്രമിക്കപ്പെട്ട ഫ്രറ്റേണിറ്റി മൂവ്മെന്‍റ് പ്രവർത്തകൻ ബിലാലിനെ വിദഗ്ധ ചികിത്സക്ക് ആസ്റ്റർ മെഡ്സിറ്റിയിൽ പ്രവേശിപ്പിച്ചു. ഐ.സി.യുവിൽ കഴിയുന്ന ബിലാലിന്‍റെ ദേഹമാസകലം കത്തികൊണ്ടുള്ള മുറിവും തോളെല്ലിന് പൊട്ടലും നെഞ്ചിന് മുറിവുമുണ്ട്