നടി മലൈക അറോറയ്ക്ക് കാര്‍ അപകടത്തില്‍ പരുക്ക്, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബോളിവുഡ് നടിയും മോഡലുമായ മലൈക അറോറയ്ക്ക് വാഹനാപകടത്തില്‍ പരുക്ക്. നടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് പൂണെയിലെ ഒരു ഫാഷന്‍ ചടങ്ങില്‍ പങ്കെടുത്ത ശേഷം മടങ്ങുമ്പോളാണ് നടി സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍ പെടുന്നത്. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചത്.

മുംബൈ പുണെ എക്‌സ്പ്രസ് വേയില്‍വച്ചാണ് അപകടം ഉണ്ടായത്. മലൈക സഞ്ചരിച്ച കാര്‍ ഉള്‍പ്പെടെ മൂന്നു വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. നടിക്ക് കണ്ണിനാണ് പരുക്കേറ്റതെന്നാണ് വിവരം. അതേസമയം, പരുക്ക് ഗൗരവമുള്ളതല്ലെന്ന് നടിയുടെ സഹോദരി അമൃത അറോറ അറിയിച്ചു.