അപകടത്തിൽ മരിച്ച നവദമ്പതികളെ തിരിച്ചറിയാൻ സഹായിച്ചത് മൊബൈൽ ഫോണുകൾ, തേഞ്ഞിപ്പാലത്ത് തീരാനൊമ്പരമായി നവദമ്പതികൾ

മലപ്പുറം തേഞ്ഞിപ്പാലത്ത് വാഹനാപകടത്തിൽപ്പെട്ട് മരിച്ച നവദമ്പതികളെ തിരിച്ചറിയാൻ സഹായിച്ചത് മൊബൈൽ ഫോണുകൾ.മരിച്ച സലാഹുദ്ദീന്റെ ഫോണിലേക്ക് അവസാനം വന്ന വിളി പരിശോധിച്ച്‌ ആ നമ്പറിലേക്ക് രക്ഷാപ്രവർത്തകർ തിരിച്ചുവിളിക്കുകയായിരുന്നു.

ദേശീയപാത കാക്കഞ്ചേരി സ്പിന്നിങ് മില്ലിന് സമീപം നടന്ന അപകടത്തിൽ സലാഹുദ്ദീനും (25), ഭാര്യ ഫാത്തിമ ജുമാനയും മരിച്ചത് ബന്ധുക്കൾ അപ്പോഴാണ് അറിഞ്ഞത്. പത്ത് ദിവസം മുൻപായിരുന്നു ഇവരുടെ വിവാഹം.അടുത്ത മാസം സലാഹുദ്ദീൻ റിയാദിലേക്ക് മടങ്ങാനിരുന്നതാണ്. ഫാത്തിമ ജുമാനയുടെ ബന്ധുക്കളെ ഫറോക്ക് പേട്ടയിൽ സന്ദർശിക്കാൻ ബൈക്കിൽ പുറപ്പെട്ടതായിരുന്നു

ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് അപകടം. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ഇവർ സഞ്ചരിച്ചിരുന്ന ബുള്ളറ്റ് എതിരെ വന്ന ടാങ്കർ ലോറിയുടെ അടിയിൽ പെടുകയായിരുന്നു. സലാഹുദ്ദീൻ സംഭവസ്ഥലത്തുവെച്ച് തത്സമയം മരിച്ചു. നാട്ടുകാർ ഉടൻ തന്നെ ഫാത്തിമ ജുമാനയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചത്. ചേലേമ്പ്ര ഇളന്നുമ്മൽ കുറ്റിയിൽ അബ്ദുൽ നാസറിന്റെ മകളാണ് മരിച്ച ഫാത്തിമ ജുമാന, മാതാവ് ഷഹർബാനു. സഹോദരങ്ങൾ സൽമനുൽ ഫാരിസ്, മുഹമ്മദ് ആദിൽ.