ജോലിയില്ലാത്ത വിഷമം മരുമകനുണ്ടായിരുന്നു- യു കെയിൽ കൊല്ലപ്പെട്ട നഴ്‌സിന്റെ പിതാവ്

കോട്ടയം. യു കെയില്‍ എത്തിയിട്ടും ജോലി ലഭിക്കാത്തതിന്റെ വിഷമം മരുമകന് ഉണ്ടായിരുന്നതായി കൊല്ലപ്പെട്ട മലയാളി നഴ്‌സ് അഞ്ജുവിന്റെ പിതാവ് അശോകന്‍. അഞ്ജു വിഷാദത്തിലായിരുന്നു. വീട്ടിലേക്ക് വിളിക്കുമ്പോള്‍ ദുഖമായിരുന്നുവെന്നും അശോകന്‍ പ്രതികരിച്ചു. വൈക്കം മറവന്‍തുരുത്ത് സ്വദേശി അഞ്ജുവും രണ്ട് മക്കളും ഇന്നലെ രാത്രിയോടെയാണ് താമസ സ്ഥലത്ത് കൊല്ലപ്പെട്ടത്. കേസില് അഞ്ജുവിന്റെ ഭര്‍ത്താവ് സാജുവിനെ യു കെയില്‍ പോലീസ് അറസ്റ്റ് ചെയ്തു.

സാജുവിന് ലൈസന്‍സ് ഇല്ലാത്തതിനാല്‍ യു കെയില്‍ ജോലിക്ക് കയറുവാന്‍ സാധിച്ചിരുന്നില്ല. കഴിഞ്ഞ ഒക്ടോബറിലാണ് കുട്ടികളുമായി അഞ്ജുവും സാജുവും യു കെയിലേക്ക് പോയത്. യു കെയില്‍ സര്‍ക്കാര്‍ നഴ്‌സായി ജോലി ചെയ്യുകയായിരുന്നു അഞ്ജു. ഇവര്‍ക്ക് മറ്റ് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി അറിയില്ലെന്നും അശോകന്‍ പറയുന്നു. യു കെയില്‍ നോര്‍ത്താംപ്ടണ്‍ഷയറിലാണ് കൊലപാതകം നടന്നത്.

സുഹൃത്തുക്കള്‍ ഫോണില്‍ വിളിച്ചിട്ടും കിട്ടാത്തതിനെ തുടര്‍ന്ന് വീട്ടില്‍ വന്ന് അന്വേഷിക്കുകയായിരുന്നു. വീട് അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് പോലീസ് എത്തി വീട് തുറന്നപ്പോള്‍ ചോരയില്‍ കുളിച്ച് കിടക്കുന്ന അഞ്ജുവിനെയും കുട്ടികളെയുമാണ് കണ്ടത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ സാജുവിനെ പോലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.