സൗദിയിൽ കെട്ടിടത്തിലുണ്ടായ തീപ്പിടിത്തത്തില്‍ മലയാളികളടക്കം ആറ് പേർ മരിച്ചത് ശ്വാസംമുട്ടി

റിയാദ്: സൗദിയിലെ റിയാദില്‍ പെട്രോള്‍ പമ്പില്‍ ജോലി ചെയ്യുന്നവരുടെ താമസസ്ഥലത്തുണ്ടായ തീപ്പിടുത്തത്തില്‍ മലയാളികളടക്കം ആറ് പേർ മരിച്ചത് ശ്വാസംമുട്ടിയെന്ന് പ്രാഥമിക നിഗമനം. മലപ്പുറം വളാഞ്ചേരി പെങ്കണ്ണൂര്‍ തറക്കല്‍ യൂസുഫിന്റെ മകന്‍ ഹക്കീം (31), മേല്‍മുറി നൂറെങ്ങല്‍ കാവുങ്ങത്തൊടി വീട്ടില്‍ ഇര്‍ഫാന്‍ ഹബിബ് (33) എന്നിവരാണ് മരിച്ചത്.

അപകടത്തിൽ ഇവരെക്കൂടാതെ രണ്ട് തമിഴ്നാട് സ്വദേശികളും, ഒരു ഗുജറാത്ത് സ്വദേശിയും, ഒരു മഹാരാഷ്ട്ര സ്വദേശിയും മരിച്ചിരുന്നു. ഖാലിദിയയില്‍ പെട്രോള്‍ പമ്പില്‍ ജോലി ചെയ്യുന്നവരാണ് അപകടത്തില്‍പ്പെട്ടത്. താമസസ്ഥലത്തുണ്ടായ തീപ്പിടുത്തത്തില്‍ പുക ശ്വസിച്ചാണ് തൊഴിലാളികൾ മരിച്ചത്. വ്യാഴാഴ്ച രാത്രി ഒന്നര മണിയോടടുത്താണ് അഗ്നിബാധ ഉണ്ടയത്.

പുതുതായി ജോലിക്കെത്തിയവരാണ് മരിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് കരുതുന്നു. മൃതദേഹങ്ങള്‍ ശുമൈസി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.