ക്വാറന്റൈൻ പൂർത്തിയാക്കി ലോസ് ആഞ്ചൽസിലെത്തിയ സന്തോഷം പങ്കുവെച്ച്‌ മംമ്ത മോഹൻദാസ്

മലയാളികളുടെ പ്രിയ നടിയും ​ഗായികയുമാണ് മംമ്ത മോഹൻദാസ്. ക്യാൻസർ രണ്ടുതവണ ശരീരത്തെ കീഴ്‌പ്പെടുത്തിയിട്ടും അതിനെ അതിജീവിച്ച് സിനിമാലോകത്തേക്ക് തിരിച്ചുവന്ന മംമ്തക്ക് നിരവധി ആരാധകരുണ്ട്. 2011 ലാണ് ബാല്യകാല സുഹൃത്തും ബഹ്‌റനിൽ ബിസിനസുകാരനുമായ പ്രജിത്ത് പത്മനാഭനെ വിവാഹം ചെയ്യുന്നത്. എന്നാൽ ആ ദാമ്പത്യ ബന്ധത്തിന് വെറും ഒരു വർഷത്തെ ആയുസ് മാത്രമേ ഉണ്ടായിരുന്നുള്ളു. 2014 ൽ രജ്ഞിത് ശങ്കറിന്റെ മമ്മൂട്ടി ചിത്രമായ വർഷത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുമ്പോഴാണ് ക്യാൻസർ തന്നെ രണ്ടാമതും കീഴ്‌പ്പെടുത്തിയ വിവരം മംമ്ത തിരിച്ചറിയുന്നത്.

ഈ ലോക്ക് ഡൗൺ കാലത്തും കുക്കിങ്ങും പെയിന്റടിയുമൊക്കെയായി തിരക്കിലായിരുന്നു താരം. കൂടാതെ സർക്കാരിന്റെ കൊറോണ ബോധവൽക്കരണ പരിപാടികളിലും മംമ്ത പങ്കാളിയായി. ലോക്ക് ഡൗണിനുമുന്നെ കൊച്ചിയിലെത്തിയ താരം ലോസ് ആഞ്ചൽസിലെത്തി ക്വാറന്റീൻ കാലം പൂർത്തിയാക്കിയതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ്. വിമാനത്തിൽ നിന്നുള്ള ചിത്രത്തിനൊപ്പമാണ് താരം സോഷ്യൽ മീഡിയയിലൂടെ വിവരം പങ്കുവെച്ചത്. ലോക്ക്ഡൗൺ സമയത്ത് കൊച്ചിയിലെ വീട്ടിലായിരുന്നു താരം.

“എന്റെ 14 ദിവസത്തെ ക്വാറന്റൈൻ അവസാനിച്ചു. ഔദ്യോഗികമായി ഞാൻ ലോസ് ആഞ്ചൽസിൽ എത്തിയെന്നാണ് അതിന്റെ അർത്ഥം. യാത്രയെ സംബന്ധിച്ച്‌ ഏറെ പറയാനുണ്ട്. അത് പിന്നീട്. ഇപ്പോൾ തൽക്കാലത്തേക്ക് സൂര്യപ്രഭയിൽ കുളിച്ചു നിൽക്കുന്ന പ്രശാന്തമായ കാലാവസ്ഥയോടു കൂടിയ സൗത്ത് കാലിഫോർണിയയിൽ തിരികെ എത്താനായതിന്റെ സന്തോഷം പങ്കുവയ്ക്കട്ടെ”. മംമ്ത കുറിക്കുന്നു. കൂടാതെ ലോസ് ആഞ്ചൽസിലേക്കുള്ള തന്റെ യാത്ര സാധ്യമാക്കി തന്നവരോട് നന്ദി പറയാനും താരം മറന്നില്ല.

അതിന് തൊട്ടുപിന്നാലെ ലോസ് ആഞ്ചൽസിൽ നിന്നുള്ള ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. ഒരു വീട്ടിൽ നിന്ന് മറ്റൊരു വീട്ടിലേക്ക് എന്ന് പറഞ്ഞുകൊണ്ട് ഹാപ്പി ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഏറെ നാളായി ലോസ് ആഞ്ചൽസിലാണ് താരം താമസിക്കുന്നത്. ചികിത്സയ്ക്കുവേണ്ടിയാണ് താരം യുഎസ് തെരഞ്ഞെടുത്തത്. സിനിമയിൽ അഭിനയിക്കാൻ വേണ്ടിയാണ് പ്രധാനമായും താരം ഇന്ത്യയിലേക്ക് എത്തുന്നത്.