കല്ലുമ്മക്കായ പറിക്കാൻ കടലിലിറങ്ങി, കോഴിക്കോട് യുവാവ് മുങ്ങി മരിച്ചു

കോഴിക്കോട് : കല്ലുമ്മക്കായ പറിക്കാൻ കടലിലിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കടുക്കബസാറിൽ താമസിക്കുന്ന അരയൻ വളപ്പിൽ ഹുസൈന്റെ മകന് കമറുദ്ധീനാണ് മരിച്ചത്. വെള്ളിയാഴ്‌ചരാവിലെ എട്ട് മണിയോടെയായിരുന്നു അപകടം ഉണ്ടായത്. ചാലിയം ബീച്ചിൽ കല്ലുമ്മക്കായ പറിക്കാനിറങ്ങിയ കമറുദ്ധീൻ കടലിൽ മുങ്ങിപ്പോവുകയായിരുന്നു.

ഈ സമയം കമറുദ്ധീനൊപ്പം സുഹൃത്തുക്കളുമുണ്ടായിരുന്നു. കടലിൽ മുങ്ങിത്താഴ്ന്ന കമറുദ്ധീനെ ഉടൻ തന്നെ തിരച്ചിൽ നടത്തി കണ്ടെത്തി. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.