പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് തൂങ്ങി മരിച്ച നിലയിൽ, സംഭവം വെഞ്ഞാറമൂട്

വെഞ്ഞാറമൂട്: പോലീസ് പിടികൂടി വിട്ടയച്ച യുവാവിനെ രണ്ടു ദിവസത്തിനു ശേഷം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാറയ്ക്കൽ പൂതളാംകുഴി അഭിനന്ദനത്തിൽ അജിത് കുമാറി(46)നെയാണ് വെള്ളിയാഴ്ച ഉച്ചയോടെ വീട്ടിലെ അടുക്കളയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബവഴക്കിനെ തുടർന്ന് പോലീസ് പിടികൂടി വിട്ടയച്ച ശേഷമാണു യുവാവ് ജീവനൊടുക്കിയത്.

പോലീസ് മർദനത്തെത്തുടർന്നാണ് ആത്മഹത്യയെന്ന് ബന്ധുക്കൾ ആരോപിച്ചു. ബുധനാഴ്ച വൈകീട്ട് മൂന്നുമണിയോടെ അജിത്തും മകനുമായി വഴക്കുണ്ടായിരുന്നു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് വെഞ്ഞാറമൂട് പോലീസ് എത്തുകയും ഇരുവരെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. രാത്രിയോടെ ബന്ധുക്കൾ എത്തിയതിനെ തുടർന്ന് ഇരുവരെയും പോലീസ് വിട്ടയച്ചിരുന്നു.

എന്നാൽ പോലീസ് ർദിച്ചെന്ന് വീട്ടിലെത്തിയ ശേഷം അജിത് സുഹൃത്തുക്കളോടും വീട്ടുകാരോടും പറഞ്ഞിരുന്നു.
പിന്നാലെ അവശനായ ഇയാൾ അടുത്ത ദിവസം കന്യാകുളങ്ങര കുടുംബാരോഗ്യകേന്ദ്രത്തിൽ ചികിത്സതേടിയിരന്നു. പോലീസ് പിടിച്ച് ജീപ്പിൽ കയറ്റുന്നതിനിടെ ഓടാൻ ശ്രമിച്ച അച്ഛനെ തന്റെ മുന്നിലിട്ട് പോലീസുകാർ മർദിച്ചുവെന്നും സ്റ്റേഷനിലെത്തിയ ശേഷവും മർദനം തുടർന്നുവെന്നും മകൻ അഭി അജിത് പറയുകയുണ്ടായി.

വെള്ളിയാഴ്ച ഉച്ചയോടെയാണ് അജിത്തിനെ വീടിന്റെ അടുക്കളയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
പോലീസ് മർദനത്തെത്തുടർന്നാണ് മകൻ ആത്മഹത്യചെയ്തതെന്നും ഉന്നതോദ്യോഗസ്ഥർക്കു പരാതിനൽകുമെന്നും അജിത്തിന്റെ അച്ഛൻ ഗോപിനാഥൻ നായർ പറഞ്ഞു. എന്നാൽ വെഞ്ഞാറമൂട് പോലീസ് ആരോപണങ്ങൾ നിഷേധിച്ചു.