ടവറിനുമുകളില്‍ കയറി ആത്മഹത്യാ ഭീഷണിമുഴക്കി യുവാവ്‌, സംഭവം തിരിച്ചറിയല്‍ രേഖകള്‍ മോഷണംപോയതിനെ തുടർന്ന്

കോട്ടയം : ഏറ്റുമാനൂരിൽ വൈദ്യുതി ടവറിന് മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. ഈരാറ്റുപേട്ട അമ്പാറനിരപ്പ് സ്വദേശി പ്രദീപ് ആണ് ടവറിന് മുകളില്‍ കയറിയിരിക്കുന്നത്. തിരിച്ചറിയല്‍ രേഖകള്‍ മോഷണം പോയെന്നും ജീവിക്കാന്‍ മന്ത്രിയുടെ ഉറപ്പു വേണമെന്നുമാണ് ഇയാളുടെ ആവശ്യം.

ഏറ്റുമാനൂര്‍ കട്ടച്ചിറയ്ക്ക് സമീപമാണ് സംഭവം. പാലായില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘവും വിവിധ കെ.എസ്.ഇ.ബി ഓഫീസുകളില്‍ നിന്നുള്ള ജീവനക്കാരും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. കിടങ്ങൂര്‍ പോലീസും പാലായില്‍ നിന്നുള്ള കെ.എസ്.ഇ.ബി എക്‌സിക്യൂട്ടീവ് എന്‍ജിനീയറും സ്ഥലത്തുണ്ട്.

ഇതിനുമുമ്പും സമാനമായ രീതിയില്‍ ആത്മഹത്യാശ്രമം നടത്തിയിട്ടുള്ള ആളാണ് പ്രദീപ്. അതേസമയം, പാറശാലയിൽ സൈനികനെയും സഹോദരനെയും ആക്രമിച്ച കേസിൽ പ്രതികൾ പിടിയിൽ. അക്രമികളായ മൂന്ന് പേരെയാണ് പാറശാല പോലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞദിവസം രാത്രി പാറശാല പള്ളിക്ക് സമീപമായിരുന്നു സംഭവം.

കാർ പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിനിടെ പ്രതികൾ സൈനികനെയും സഹോദരനെയും റോഡിലിട്ട് ക്രൂരമായി കൈയ്യേറ്റം ചെയ്യുകയായിരുന്നു. കോട്ടവിള സ്വദേശികളായ സിനു, സിജു സഹോദരന്മാർക്കാണ് പരിക്കേറ്റത്. വാരിയെല്ല് പൊട്ടിയ സിജുവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

കാർ പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് പ്രതികൾ സൈനികനുമായി വാക്കുതർക്കമുണ്ടായി. തുടർന്ന് തർക്കത്തിനിടെ പ്രകോപിതരായ പ്രതികൾ ഇരുവരെയും മർദ്ദിക്കുകയായിരുന്നു.