പഞ്ചായത്ത് കൂട്ടം നിര്‍ബന്ധിച്ച് തുപ്പല്‍ നക്കിച്ചു, പീഡനാരോപണത്തിലും മനംനൊന്ത് യുവാവിന്റെ ആത്മഹത്യ

പ്രണയത്തിലായിരുന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ പഞ്ചായത്ത് കൂട്ടം പരസ്യമായി സ്വന്തം തുപ്പല്‍ നക്കിച്ച യുവാവ് മണിക്കൂറുകള്‍ക്കം ജീവനൊടുക്കി. പശ്ചിമ ബിഹാറിലെ ചൈന്‍പൂരിലാണ് സംഭവം. 22 കാരനായ ശിവ്ശങ്കര്‍ ഗുപ്തയെയാണ് തിങ്കളാഴ്ച രാത്രി വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ശനിയാഴ്ച രാത്രിയാണ് യുവാവിന്റെ ആത്മഹത്യയിലേക്ക് നയിച്ച സംഭവം നടന്നത്. തന്റെ മൊബൈല്‍ ഫോണ്‍ തിരികെ വാങ്ങാന്‍ ഗുപ്ത വീട്ടിന് സമീപമുള്ള പെണ്‍കുട്ടിയുടെ വീട്ടിലെത്തി. താനുമായി വഴക്കിട്ടതിനെ തുടര്‍ന്ന് പെണ്‍കുട്ടി ഫോണുമായി വീട്ടിലേക്ക് പോവുകയായിരുന്നുവെന്നാണ് യുവാവ് പറഞ്ഞത്. എന്നാല്‍ വീട്ടിലെത്തിയ യുവാവിനെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തടഞ്ഞുവയ്ക്കുകയായിരുന്നു. പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചായിരുന്നു ഇത്.

രണ്ട് സമുദായത്തില്‍പ്പെട്ട വീട്ടുകാരുടെ പ്രശ്‌നം പഞ്ചായത്ത് കൂട്ടത്തിന് മുന്നിലെത്തി. ഗുപ്ത കുറ്റക്കാരനാണെന്ന് പഞ്ചായത്ത് വിധിച്ചതിന് പിന്നാലെ ശിക്ഷയായി തറയില്‍ തുപ്പിക്കുകയും അത് യുവാവിനെ കൊണ്ട് നക്കിക്കുകയുമായിരുന്നു. ജനക്കൂട്ടത്തിന്റെയും കുടുംബാംഗങ്ങളുടെയും മുന്നില്‍വെച്ചായിരുന്നു ശിക്ഷ നടപ്പാക്കിയത്. ഇതിന് പിന്നാലെ ഞായറാഴ്ച രാത്രി വാതില്‍ കുറ്റിയിട്ടശേഷം തൂങ്ങിമരിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.