ഓണത്തിന് എന്റെ അടുത്തുണ്ടാവുമെന്ന് ഉറപ്പു പറഞ്ഞതാണ്, തേങ്ങലടക്കാനാവാതെ മാനസയുടെ മുത്തശ്ശി

കണ്ണൂര്‍: നാറാത്ത് രണ്ടാം മൈലിലെ ഡോ. മാനസയുടെ വീട്ടില്‍ ഇപ്പോഴും ഉയരുന്നത് അമ്മ സബിതയുടെ കരച്ചിലും വിങ്ങലുമാണ്. മകളുടെ മരണവാര്‍ത്ത വെള്ളിയാഴ്ച ടിവിയില്‍ കണ്ട് തളര്‍ന്ന് വീണതാണ് ആ അമ്മ. ഇപ്പോഴും ആ നിലവിളി ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇവരുടെ ആരോഗ്യനില പരിശോധിക്കാനായി ഇന്നലെ വീട്ടില്‍ ഡോക്ടറും നഴസുമാരും വീട്ടിലെത്തി. തളര്‍ച്ച ഉണ്ടെന്ന് മനസിലാക്കിയതോടെ ഡ്രിപ്പ് നല്‍കി.

എപ്പോഴും മകളെ കുറിച്ച് അഭിമാനത്തോടെ സംസാരിച്ചിരുന്ന സബിതയുടെ കണ്ണുനീര്‍ തുടയ്ക്കാനോ ഒന്ന് ആശ്വസിപ്പിക്കാനോ അവിടെ കൂടിയ ആര്‍ക്കും ആയില്ല. മാനസയുടെ പിതാവ് മാധവനും ആ ആഘാതത്തില്‍ നിന്നും മോചിതനായിട്ടില്ല. അനുജന്‍ അശ്വന്തിനും ഈ ദുരന്തം ഉള്‍ക്കൊള്ളാന്‍ ആകുന്നില്ല. മാധവന്റെയും സബിതയുടെയും സഹോദരങ്ങള്‍ അടക്കമുള്ളവര്‍ നാറാത്തെ വീട്ടില്‍ ഉണ്ട്. നാട്ടിലുള്ള മാനസയുടെ സുഹൃത്തുക്കളും വീട്ടില്‍ എത്തിയിരുന്നു.

മാനസയുടെ മുത്തശ്ശി പത്മിനിയുടെ തേങ്ങലും കണ്ടു നിന്നവര്‍ക്ക് സഹിക്കാനായില്ല. 10 ദിവസം കഴിഞ്ഞാല്‍ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവരാനിരുന്ന കുഞ്ഞാണ്… ഓണത്തിന് എന്റെ അടുത്തുണ്ടാവുമെന്ന് ഉറപ്പു പറഞ്ഞാണ് രണ്ടാഴ്ച മുന്‍പ് വീട്ടില്‍ നിന്നിറങ്ങിയത്. ഒന്നര മാസത്തെ ഹൗസ് സര്‍ജന്‍സി വേണ്ടെന്നുവച്ചിരുന്നെങ്കില്‍ എന്റെ കുഞ്ഞിനെ രക്ഷിക്കാമായിരുന്നു”- തേങ്ങിക്കൊണ്ട് മുത്തശ്ശി പറഞ്ഞു. മുത്തശ്ശിയുടെ ഒരേയൊരു കൊച്ചുമകളാണ് മാനസ. മാനസയും അനുജന്‍ അശ്വന്തും മാത്രമാണ് പേരക്കുട്ടികള്‍. അമ്മയുടെ വീടുമായി മാനസയ്ക്കു വലിയ അടുപ്പമായിരുന്നു. അവധിക്കു നാട്ടിലെത്തിയാല്‍ പകുതിയിലേറെ ദിവസങ്ങള്‍ ചെലവഴിക്കാറുള്ളതും ഈ വീട്ടിലാണ്.

മാനസയുടെ സഹപാഠികള്‍ ഒപ്പം ഒരേ വീട്ടില്‍ കഴിഞ്ഞവര്‍, ഉറ്റ സുഹൃത്തിന്റെ ഈ വിയോഗം ഇപ്പോഴും അവര്‍ക്ക് വിശ്വസിക്കാനായിട്ടില്ല. തൊട്ടടുത്ത നിമിഷം വരെ ഒപ്പമുണ്ടായിരുന്ന കൂട്ടുകാരി വെടിയേറ്റു വീണതു കണ്ട നടുക്കത്തില്‍ നിന്നു മുക്തരാവാന്‍ അവര്‍ക്ക് ഇപ്പോഴുമായിട്ടില്ല. വെടിയൊച്ച കേട്ട് എന്താണു സംഭവിക്കുന്നതെന്നു മനസ്സിലാക്കുന്നതിനു മുന്‍പ് മാനസയും ഒപ്പം അപരിചിതനായ വ്യക്തിയും രക്തം ചിന്തി മരിച്ചു കിടക്കുന്നതാണു കണ്ടത്. ഒപ്പമുണ്ടായിരുന്ന 3 പേരും ഇന്നലെ പൊലീസിനു മൊഴി നല്‍കിയശേഷം പിന്നീട് ആരുമായും സംസാരിച്ചില്ല.