പെണ്ണുകാണാന്‍ പോയപ്പോള്‍ സംഭവിച്ച അമളിയെ കുറിച്ച് മനീഷ്

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് മനീഷും പ്രതീക്ഷയും. ഇരുവരും സ്വാസിക വിജയ് അവതാരകയായി എത്തുന്ന റെഡ് കാര്‍പെറ്റ് എന്ന പരിപാടിയില്‍ പങ്കെടുത്തിരുന്നു. നിരവധി സീരിയലുകളില്‍ ഒരുമിച്ച് അഭിനയിച്ച ഇരുവരും തങ്ങളുടെ സീരിയല്‍ വിശേഷങ്ങളും മറ്റും പരിപാടിയില്‍ തുറന്ന് പറഞ്ഞിരുന്നു. ഇതിനിടെ സ്വാസികയുടെ ചോദ്യങ്ങള്‍ക്ക് മനീഷിന്റെ രസകരമായ ഉത്തരങ്ങളും ശ്രദ്ധേയമായി.

ജീവിതത്തില്‍ സീരിയസ് ആണോ അതോ റൊമന്റിക് ആണോ എന്നായിരുന്നു സ്വാസിക ചോദിച്ചു, മാത്രമല്ല പ്രണയ കഥ വെളിപ്പെടുത്താനും അവതാരക പറഞ്ഞു. ‘ജീവിതത്തില്‍ താന്‍ എപ്പോഴും റൊമാന്റിക് പേഴ്സണ്‍ ആണ്. വായിനോട്ടം ഒക്കെ ഉണ്ടോ എന്ന സ്വാസികയുടെ ചോദ്യത്തിന് അതും ഉണ്ടെന്ന് താരം പറയുന്നു. ക്രഷുകളെ കുറിച്ചാണെങ്കില്‍ ചിലതൊക്കെ ഞാന്‍ മനസില്‍ തന്നെ വെച്ചങ്ങ് ഒതുക്കും. ഇതൊക്കെ പണ്ടത്തെ കാര്യമാണ്. ഇപ്പോള്‍ തന്റെ മനസില്‍ അങ്ങനെ ഒന്നുമില്ല. ഇപ്പോള്‍ ആകെ ഒരു ക്രഷ് മാത്രമേയുള്ളു. അത് വീട്ടിലുണ്ട്.-മനീഷ് പറഞ്ഞു.

ഞങ്ങളുടേത് അറേഞ്ച്ഡ് മ്യാരേജ് ആയിരുന്നു. ഞാന്‍ ആകെ ഒരു പെണ്ണ് കാണാനേ പോയിട്ടുള്ളു. ഞങ്ങളുടെ രണ്ടാളുടെയും ഫാമിലികള്‍ തമ്മില്‍ അകന്ന ബന്ധമുണ്ടായിരുന്നു. എങ്കിലും നേരത്തെ ഞാന്‍ കണ്ടിട്ടില്ലാത്ത ആളായിരുന്നു. പറഞ്ഞ് കേട്ടത് വെച്ച് പോയി കണ്ടു. ബാക്കി ഒക്കെ സാധാരണ വീട്ടുകാര്‍ തമ്മില്‍ ചെയ്യാറുള്ളത് പോലെ നടന്നു. സിനിമയില്‍ കാണുന്നത് പോലെ മന്ദം മന്ദം നടന്ന് വന്നല്ല ചായ തന്നത്. അത്യാവശ്യം ബോള്‍ഡ് ആയിട്ടായിരുന്നു. ഞാന്‍ കുറച്ച് ടെന്‍ഷന്‍ ആയി പോയെങ്കിലും അവള്‍ ഓക്കെ ആയിരുന്നു. കാരണം അവള്‍ക്കിതിന് മുന്‍പും പെണ്ണ് കാണലൊക്കെ വന്നത് കൊണ്ട് അനുഭവം ഉണ്ട്. അങ്ങനെ ചായയുമായി എന്റെ അടുത്തേക്ക് അവള്‍ എത്തിയപ്പോള്‍ ഞാന്‍ അറിയാതെ എഴുന്നേറ്റ് നിന്ന് പോയി. കുറച്ച് നേരത്തേക്ക് എന്തിനാണ് ഞാന്‍ എഴുന്നേല്‍ക്കാന്‍ പോയതെന്ന സംശയത്തിലായിരുന്നു. അങ്ങനെ ചായയൊക്കെ കുടിച്ച് കല്യാണം കഴിച്ചു.- മനീഷ് പറയുന്നു.

സീരിയലിലേക്ക് വന്നത് പകരക്കാരനായിട്ടാണ്. നടി പ്രവീണയുടെ സഹോദരനായി മറ്റൊരു പയ്യന്‍ സീരിയലില്‍ അഭിനയിക്കുന്നുണ്ടായിരുന്നു. ആ പയ്യന്‍ ഓക്കെ അല്ല, എന്ന് ലൊക്കേഷനില്‍ സംസാരം വന്നു. അതിന്റെ മ്യൂസിക് ഡയറക്ടര്‍ എന്റെ അമ്മവാനായിരുന്നു. പുള്ളിക്കാരനാണ് എന്റെ പേര് പറഞ്ഞത്. അങ്ങനെ സെറ്റില്‍ വന്ന് സംവിധായകനെ കണ്ട് കാര്യങ്ങളൊക്കെ റെഡിയായി. പിറ്റേ ദിവസം മുതല്‍ ഷൂട്ടിങ്ങിന് ജോയിന്‍ ചെയ്തു.- മനീഷ് പറഞ്ഞു.

അമ്മ സീരിയലിലൂടെ അഭിനയിച്ച് തുടങ്ങിയതിനെ കുറിച്ച് നടി പ്രതീക്ഷയും പറഞ്ഞു. പ്ലസ് വണ്ണില്‍ പഠിക്കുന്ന കാലമാണ്. തനിക്ക് കിട്ടുന്നതെല്ലാം നെഗറ്റീവ് റോള്‍ ആയിരുന്നു. എല്ലാത്തിലും എനിക്ക് അങ്ങനെയുള്ള കഥാപാത്രങ്ങള്‍ കിട്ടുകയാണ്. എന്ത് കൊണ്ടാണെന്ന് ചോദിച്ചാല്‍ അറിയില്ല. പ്രണയം എന്ന സീരിയലില്‍ മാറ്റം ഉണ്ടായിരുന്നു. അതില്‍ മനീഷ് ചേട്ടനൊപ്പമാണ് അഭിനയിച്ചത്. -പ്രതീക്ഷ പറഞ്ഞു.