വാകിസിൻ എടുക്കാത്തവർക്ക് ഇളവ് കൊടുക്കാനുള്ള അധികാരം വിദ്യാഭ്യാസ മന്ത്രിക്ക് എവിടെ നിന്ന് കിട്ടി- ഹരീഷ് വാസുദേവൻ

കോവിഡ് വാക്സിൻ മതപരമായ കാരണത്താൽ എടുക്കാത്ത അധ്യാപകർക്ക് ഇളവ് കൊടുക്കാനുള്ള വിദ്യാഭ്യാസ മന്ത്രിയുടെ തീരുമാനത്തിനെതിരെ പ്രതിഷേധം. മതപരമായ കാരണത്താൽ വാക്‌സിൻ എടുക്കാത്തവർക്ക് ഇളവ് കൊടുക്കാനുള്ള അധികാരം വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിക്ക് എവിടെ നിന്നാണ് കിട്ടിയതെന്ന് ഹരീഷ് വാസുദേവൻ. സോഷ്യൽ മീഡിയയിലൂടെയാണ് പ്രതികരണം

മതപരമായ കാരണത്താൽ വാക്‌സിൻ എടുക്കാത്തവർക്ക് ഇളവ് കൊടുക്കാനുള്ള അധികാരം വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിക്ക് എവിടെ നിന്നാണ് കിട്ടിയത്?ഭരണഘടനയാണ് മതവിശ്വാസത്തിനുള്ള അവകാശം നൽകുന്നത്. പൊതുജനാരോഗ്യത്തിനും പൊതുസമാധാനത്തിനും വിധേയമായിട്ടു മാത്രമുള്ള മതവിശ്വാസമേ ഇൻഡ്യയിൽ സമ്മതിച്ചിട്ടുള്ളൂ.

പൊതുജനാരോഗ്യ കാരണങ്ങളാൽ ആണ് വാക്‌സിൻ മറ്റുള്ളവർക്ക് നിർബന്ധം ആക്കിയതെങ്കിൽ, മതപരമായ കാരണങ്ങളാൽ വാക്‌സിൻ എടുക്കാത്ത ഒറ്റയാൾക്കും ഇളവ് കൊടുക്കാൻ മന്ത്രിക്ക് അധികാരമില്ല.ഭരണഘടന നടപ്പാക്കാനാണ് മന്ത്രി.അതിനു താഴെയാണ് മന്ത്രി. മന്ത്രിക്കോ മന്ത്രിസഭയ്ക്കോ പ്രത്യേക അവകാശങ്ങൾ ഉണ്ടെന്ന് ശിവൻകുട്ടി മന്ത്രി തെറ്റിദ്ധരിക്കരുത്.ശമ്പളം തുടർന്നും വാങ്ങണമെങ്കിൽ, അവരോട് വാക്‌സിൻ എടുത്ത് ക്ലാസിൽ വരാൻ മന്ത്രി പറയണം. (അലർജി തുടങ്ങിയ ആരോഗ്യസംബന്ധിയായ കാരണങ്ങളാൽ വാക്‌സിനിൽ ഉള്ള ഇളവ് നൽകേണ്ടത് ഭരണഘടനാപരമാണ്.)