അമിത് ഷായുടെ ശ്രമങ്ങൾ ഫലംകണ്ടു, മോഷ്ടിച്ച ആയുധങ്ങൾ തിരികെ ഏൽപ്പിച്ച് അക്രമികൾ, മണിപ്പൂരിൽ സ്ഥിതി ശാന്തം

ഇംഫാൽ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സമാധാന ശ്രമങ്ങൾ മണിപ്പൂരിൽ ഫലംകണ്ടു. അക്രമികൾ ആയുധങ്ങൾ വെച്ച് കീഴടങ്ങി. കലാപത്തിനിടെ സുരക്ഷാസേനകളുടെ പക്കല്‍നിന്ന് നഷ്ടപ്പെട്ട ആയുധങ്ങളില്‍ 140 എണ്ണം മോഷ്ടിച്ചവര്‍തന്നെ അധികൃതരെ തിരിച്ചേല്‍പ്പിച്ചു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലായി 140 ആയുധങ്ങളാണ് തിരിച്ചേല്‍പ്പിക്കപ്പെട്ടതെന്ന് പോലീസ് അറിയിച്ചു. തോക്ക്, കണ്ണീര്‍വാതക ഷെല്ലുകള്‍ എന്നിവ ഉള്‍പ്പെടെയുള്ളവയാണ് തിരിച്ചെത്തിയത്.

2000-ത്തോളം ആയുധങ്ങളാണ് കലാപത്തിനിടെ മോഷ്ടിക്കപ്പെട്ടത് എന്നാണ് വിവരം. എ.കെ 47 തോക്കുകള്‍, ഇന്‍സാഫ് റൈഫിളുകള്‍, സ്റ്റെന്‍ ഗണ്ണുകള്‍, ഗ്രനേഡ് ലോഞ്ചറുകള്‍ തുടങ്ങിയവ തിരിച്ചേല്‍പ്പിക്കപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു. സംഘർഷം കുറഞ്ഞതോടെ പല ജില്ലകളിലും കർഫ്യു ഇളവ് നൽകി. അക്രമികൾ ആയുധം താഴെവെക്കണമെന്നും, സുരക്ഷാ സേനയിൽ നിന്ന് മോഷ്ടിച്ച ആയുധങ്ങൾ തിരികെ നൽകണമെന്നും സമാധാന ചർച്ചകൾക്കൊപ്പം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ മുന്നറിയിപ്പ് നൽകിയിരുന്നു.

ഇതിന് പിറകെയാണ് മണിപ്പൂരിൽ വിവിധയിടങ്ങളിൽ അക്രമികൾ ആയുധം വെച്ച് കീഴടങ്ങിയത്. സംഘർഷം കുറഞ്ഞതോടെ ഇംഫാൽ വെസ്റ്റ്, ഇംഫാൽ ഈസ്റ്റ്, ബിഷ്ണുപൂർ , ചുരാചന്ദ്പൂർ , തൗബാൽ തുടങ്ങിയ മേഖലകളിൽ കർഫ്യു ഇളവ് നൽകിയിട്ടുണ്ട്. തമെങ്‌ലോങ്, നോനി, സേനാപതി, ഉഖ്രുൽ, കാംജോങ് എന്നിവിടങ്ങളിൽ കർഫ്യൂ പൂർണമായും പിൻവലിച്ചു. 272 ദുരിതാശ്വാസ ക്യാമ്പുകളിലായി 37,450 പേർ താമസിക്കുന്നുണ്ടെന്നും ഇവരെ വീടുകളിലേക്ക് തിരിച്ചെത്തിക്കാനുള്ള നീക്കങ്ങളും നടക്കുകയാണ്.

മൂന്ന് ദിവസം സംസ്ഥാനത്ത് തങ്ങിക്കൊണ്ടാണ് സമാധാന നീക്കങ്ങൾക്ക് അമിത്ഷാ ചുക്കാൻ പിടിച്ചത്. പ്രശ്‌നബാധിത മേഖലകളിൽ നേരിട്ടെത്തി ജനങ്ങളുമായും സാമുദായിക നേതാക്കളുമായും ചർച്ച നടത്തിയ അമിത്ഷാ സംഘർഷത്തിൽ ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചിരുന്നു.അമിത് ഷായുടെ സമാധാന ശ്രമങ്ങൾ മണിപ്പൂരിൽ ഫലം കണ്ടുവെന്ന് തന്നെ പറയാനാകും.