വോട്ടർപട്ടികയിൽ പേരു ചേർക്കുന്നതുമായി ബന്ധപ്പെട്ട തർക്കം, ഉദ്യോ​ഗസ്ഥനെ മർദ്ദിച്ച മ‍ഞ്ചേശ്വരം എംഎല്‍എ അഷ്റഫിന് ഒരു വര്‍ഷം തടവും 10,000 രൂപ പിഴയും

കാസർകോട്: വോട്ടർപട്ടികയിൽ പേരു ചേർക്കുന്നതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ച കേസിൽ മ‍ഞ്ചേശ്വരം എംഎല്‍എ എകെഎം അഷ്റഫിന് ഒരു വര്‍ഷം തടവും 10,000 രൂപ പിഴയും ശിക്ഷ കോടതി വിധിച്ചു. . കാസര്‍കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. എകെഎം അഷ്റഫിനെ കൂടാതെ മുസ്ലീം ലീഗ് പ്രവർത്തകരായ ബഷീര്‍, അബ്ദുല്ല, അബ്ദുല്‍ ഖാദര്‍ എന്നിവരെയും കോടതി ശിക്ഷിച്ചു.

2010 ൽ ജില്ലാ പഞ്ചായത്ത് അംഗമായിരിക്കെയാണ് സംഭവം. അന്ന് കാസർകോട് താലൂക്കിലായിരുന്നു മഞ്ചേശ്വരം. കാസർകോട് ഡപ്യൂട്ടി തഹസിൽദാർ ഏകപക്ഷീയമായി ഒരാളുടെ അപേക്ഷ തിരസ്കരിച്ചതിനെ തുടർന്നായിരുന്നു സംഭവം. തർക്കം ഉണ്ടായെന്നും എന്നാൽ മർദ്ദിച്ചിട്ടില്ലെന്നും കള്ളക്കേസാണെന്നും എകെഎം അഷ്റഫ് പ്രതികരിച്ചു.

തങ്ങൾ നിരപരാധികളാണെന്നും മേൽക്കോടതിയെ സമീപിക്കുമെന്നും എംഎൽഎ വ്യക്തമാക്കി. കേസിൽ തനിക്ക് പരമാവധി ശിക്ഷയാണ് ചുമത്തിയിരിക്കുന്നത്. സർക്കാർ ഉദ്യോഗസ്ഥരുണ്ടായ ക്യാംപിലാണ് സംഭവം നടന്നത്. സർക്കാർ ഉദ്യോഗസ്ഥർ സത്യാവസ്ഥ കോടതിയെ ബോധിപ്പിച്ചതാണ്. അപ്രതീക്ഷിതമാണ് വിധിയെന്നും അപ്പീൽ നൽകുമെന്നും എംഎൽഎ വ്യക്തമാക്കി.