കോവിഡ് രൂക്ഷം, 130 പേരെ പങ്കെടുപ്പിച്ച് ആകാശത്ത് വെച്ച് വിവാഹം നടത്തി യുവാവ്

കോവിഡ് നിയന്ത്രണങ്ങള്‍ കാരണം വിവാഹത്തിനൊക്കെ വളരെ കുറച്ച് ആളുകളെ മാത്രം പങ്കെടുപ്പിക്കാനെ സാധിക്കൂ. എന്നാല്‍ ചിലര്‍ക്ക് തങ്ങളുടെ വിവാഹം എപ്പോഴും വലിയ സ്വപ്‌നമാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത് ആകാശത്ത് വെച്ചു നടന്ന ഒരു വിവാഹമാണ്. കോവിഡ് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നതിനിടെയാണ് 130 പേരെ പങ്കെടുപ്പിച്ച് വിവാഹം നടത്തിയത്.

മെയ് 23ന് ആയിരുന്നു ആകാശത്ത് വെച്ച് രണ്ട് പേര്‍ വിവാഹിതര്‍ ആയത്. മധുരയില്‍ നിന്ന് തൂത്തുക്കുടിയിലേക്ക് വിമാനം ചാര്‍ട്ട് ചെയ്താണ് ആകാശത്ത് വെച്ച് വിവാഹം നടത്തിയത്. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും വിവാഹത്തില്‍ പങ്കെടുത്തു. വിവാഹം വിമാനത്തില്‍ വെച്ച് നടത്താന്‍ കാരണമായത് കോവിഡ് തന്നെയാണ്. മധുര സ്വദേശികളായ രാകേഷും ദീക്ഷണയുമായണ് വരനും വധുവും. 130 പേരെ വിവാഹത്തിന് ക്ഷണിച്ചിരുന്നു. ഇവരുമായി ചാര്‍ട്ടേഡ് വിമാനം പറന്നുര്‍ന്നു. ആകാശത്തുവച്ച് വിവാഹവും നടന്നു.

തമിഴ്‌നാട് സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ മെയ് 31 വരെ നീട്ടിയിരുന്നു. മെയ് 23ന് നിയന്ത്രണത്തില്‍ ഇളവ് നല്‍കിയിരുന്നു. ഒരു സ്വകാര്യ ചടങ്ങില്‍ വച്ച് രാകേഷും ദീക്ഷണയും വിവാഹിതരായിരുന്നെങ്കിലും തമിഴ്‌നാട് സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചതോടെ വിമാനത്തില്‍ വച്ച് വിവാഹം കഴിച്ച് ആ ചടങ്ങ് മനോഹരമായ ഓര്‍മ്മകളിലൊന്നാക്കമെന്ന് അവര്‍ തീരുമാനിക്കുകയായിരുന്നു. ചടങ്ങില്‍ പങ്കെടുത്ത 130 പേരും തങ്ങളുടെ ബന്ധുക്കള്‍ ആണെന്നും എല്ലാവരും ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തി നെഗറ്റീവ് ആയതാണെന്നും ദമ്പതികള്‍ അവകാശപ്പെട്ടു.