MDMA നിര്‍മ്മാണം; മരുന്ന് കമ്പനികള്‍ സംശയനിഴലില്‍

രാജ്യത്ത് സുലഭമായിരിക്കുന്ന മാരകലഹരി മരുന്നായ എംഡിഎംഎയുടെ ഉൽപ്പാദന ഉറവിടങ്ങൾ തേടി അന്വേഷണ ഏജൻസികൾ. കഴിഞ്ഞദിവസം പിടിയിലായ നൈജീരിയന്‍ സ്വദേശികളെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണു ഇതുസംബന്ധിച്ചു സൂചന ലഭിച്ചത്. പൂട്ടിക്കിടക്കുന്ന ചില ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളില്‍ എം.ഡി.എം.എയുടെ ഉല്‍പാദനം നടക്കുന്നുവെന്നാണു അന്വേഷണ ഏജന്‍സികള്‍ ഇപ്പോൾ സംശയിക്കുന്നത്. രാജ്യത്ത് പൂട്ടിക്കിടക്കുന്ന മരുന്ന് കമ്പനികള്‍ ഇതോടെ നിരീക്ഷണത്തിലായി.

രാജ്യത്ത് യുവാക്കളില്‍ പ്രിയം കൂടുകയാണ് എംഡിഎംഎയ്ക്ക്. ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ ചെറുപ്പക്കാര്‍ എംഡിഎംഎ്ക്ക് അടിമകളാണ്. ഇതിന്റെ വേരറുക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ ഏജന്‍സികള്‍. എംഡിഎംഎ രാജ്യത്തെ ലഹരിയുടെ വിപണിയിലേക്ക് വിദേശത്ത് നിന്ന് എത്തുന്നുവെന്നായിരുന്നു ആദ്യം സംശയിച്ചിരുന്നത്. എന്നാല്‍ കോടികളുടെ എംഡിഎംഎയാണ് രാജ്യത്ത് പലയിടത്ത് നിന്നും പിടിച്ചെടുക്കുന്നത്. ഇത്രയും വിദേശത്ത് നിന്ന് എത്തിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. എയര്‍പോര്‍ട്ട്, സീ പോര്‍ട്ടുകളിലെല്ലാം സുരക്ഷ ശക്തമാണ്. ഈ കണ്ണുവെട്ടിച്ച് ഇത്ര അളവില്‍ എംഡിഎംഎ വിദേശത്ത് നിന്ന് എത്തിക്കാനാവില്ല. ഇതോടെയാണ് ഇത് വിദേശത്തല്ല നാട്ടില്‍ തന്നെയാണ് ഉൽപ്പാദിപ്പിക്കുന്നതെന്ന സംശയം ബലപ്പെടുന്നത്.

രാജ്യത്ത് ആദ്യമായി എംഡിഎംഎ നിർമ്മാണ ഫാക്ടറി കണ്ടെത്തുന്നത് കര്ണാടകയിലായിരുന്നു. കർണാടക പോലീസ് ബെംഗളൂരുവിലെ ഒരു മയക്കുമരുന്ന് ഫാക്ടറിയിൽ റെയ്ഡ് നടത്തി,2021 സെപ്തംബർ 16 വ്യാഴാഴ്ച രണ്ട് കോടി രൂപ വിലമതിക്കുന്ന നാല് കിലോഗ്രാം എംഡിഎംഎ ക്രിസ്റ്റൽ, സിന്തറ്റിക് മയക്കുമരുന്ന് അന്ന് പിടിച്ചെടുക്കുകയുണ്ടായി. എംഡിഎംഎയുടെ നിർമ്മാണം രാജ്യത്ത് നടക്കുന്നു എന്നതിന്റെ വ്യക്തമായ തെളിവുകൂടിയാണ് അന്ന് കണ്ടെത്തുന്നത്. സംഭവത്തിൽ ഒരു നൈജീരിയൻ പൗരനെയാണ് അന്ന് കസ്റ്റഡിയിലെടുക്കുന്നത്. പോലീസ് അന്വേഷണത്തിൽ നഗരത്തിൽ പ്രവർത്തിക്കുന്ന മയക്കുമരുന്ന് വിറ്റഴിക്കുന്നതിന് സുസ്ഥിരമായ ശൃംഖല ഉണ്ടെന്ന വിവരങ്ങളും ലഭിച്ചിരുന്നു.

ബംഗളുരുവിൽ ഉൽപാദിപ്പിക്കുന്ന എംഡിഎംഎ ക്രിസ്റ്റലുകൾ ഷൂസിനുള്ളിൽ സ്ഥാപിച്ച് ബെംഗളൂരുവിലും ബെംഗളൂരുവിലെ മറ്റ് ഭാഗങ്ങളിലും വിൽക്കുന്നതായും പോലീസ് 2021 സെപ്തംബറിൽ കണ്ടെത്തിയിരുന്നു. പ്രതികൾ ഇവരെ ന്യൂസിലൻഡിലേക്കും മറ്റ് രാജ്യങ്ങളിലേക്കും കൊറിയർ വഴി അയച്ചതായും ഐഎഎൻഎസ് അന്ന് റിപ്പോർട്ട് ചെയ്തിരുന്നു.

എംഡിഎംഎ ക്രിസ്റ്റലുകൾ നിർമ്മിക്കുന്നതിനായി നൈജീരിയൻ പൗരൻ ഇലക്‌ട്രോണിക്‌സ് സിറ്റി ഫേസ് വൺ ഏരിയയിലെ ചാമുണ്ഡി ലേഔട്ടിൽ ഒരു വീട് വാടകയ്‌ക്കെടുക്കുകയായിരുന്നു. പ്രതികൾ തന്റെ കൂട്ടാളികളുടെ സഹായത്തോടെ ബെംഗളൂരുവിലെയും മറ്റ് സംസ്ഥാനങ്ങളിലെയും ഉപഭോക്താക്കൾക്കും വിദേശ രാജ്യങ്ങളിലെ ഉപഭോക്താക്കൾക്കും പോലും ഇവ വിട്ടുവന്നിരുന്നതായും കണ്ടെത്തിയിരുന്നെങ്കിലും കേസുമായി ബന്ധപ്പെട്ട തുടർ അന്വേഷങ്ങൾ എന്തുകൊണ്ടോ പിന്നീട് ഉണ്ടായില്ല.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ, സിസിബി ഓഫീസർമാരുടെ പ്രത്യേക സംഘം നൈജീരിയൻ സ്വദേശി താമസമാക്കിയ മയക്കുമരുന്ന് ഫാക്ടറിയിൽ റെയ്ഡ് നടത്തി, രണ്ട് കോടി രൂപ വിലമതിക്കുന്ന എംഡിഎംഎ ക്രിസ്റ്റലുകളും അപകടകരമായ രാസവസ്തുക്കളായ അസെറ്റോൺ, ഹൈപ്പോ ഫോസ്ഫറസ് ആസിഡ്,സോഡിയം ഹൈഡ്രോക്സൈഡു, അയോഡിൻ 99%, പ്ലെയിൻ ആസിഡ് എന്നിവയും പിടിച്ചെടുക്കുകയാണ് ഉണ്ടായത്. ബംഗളൂരുവിലെ കെമിക്കൽ സ്റ്റോറുകളിൽ നിന്നാണ് ക്രിസ്റ്റൽ നിർമ്മാണത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കൾ വാങ്ങിയതെന്ന് പിടിയിലായ പ്രതി പോലീസിനോട് പറഞ്ഞതായി റിപ്പോർട്ടുണ്ട്. ഐഎഎൻഎസ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് നല്ല നെറ്റ്‌വർക്കുള്ള സംഘമാണ് മയക്കുമരുന്ന് ബിസിനസ്സ് നടത്തിയിരുന്നതെന്നും വെളിപ്പെടുത്തിയിരുന്നതാണ്. മറ്റ് പ്രതികളെ പിടികൂടാനുള്ള അന്വേഷണം തുടർന്ന് അന്ന് പാതി വഴിയിൽ അസ്തമിക്കുകയായിരുന്നു.

എം.ഡി.എം.എയുമായി നിരവധിപേര്‍ പിടിയിലാകുമ്പോഴും രാജ്യത്ത് ഇത് എവിടെ ഉല്‍പാദിപ്പിക്കുന്നുവെന്നതില്‍ ഉത്തരമില്ലാതിരിക്കുകയായിരുന്നു. വിദേശത്തുനിന്നു എത്തിക്കുന്നുവെന്നാണു പ്രതികള്‍ പറയുന്നതെങ്കിലും ഇവിടെതന്നെ നിര്‍മിക്കാനുള്ള സാധ്യതയാണ് ഏറെ ഉള്ളത്.

പിടിയിലായ വിദേശികളില്‍ പലരും ഇന്ത്യയിലേക്കെത്തിയത് മെഡിക്കല്‍ വിസയിലാണ്. ഇവരില്‍ ചിലര്‍ക്ക് എം.ഡി.എം.എ. നിര്‍മ്മാണത്തില്‍ വൈദഗ്ധ്യം ഉണ്ടെന്നാണു ബംഗളുരു കേസിൽ ഉൾപ്പടെ പോലീസിന് ലഭിച്ചിട്ടുള്ള വിവരം. വിദേശത്തു നിന്നല്ല, നാട്ടില്‍ തന്നെ വന്‍തോതില്‍ കൃത്രിമ ലഹരി വസ്തുക്കള്‍ നിര്‍മിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ പൂട്ടിയതും ലാഭകരമല്ലാത്തതുമായ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളെപ്പറ്റി രഹസ്യാന്വേഷണ ഏജന്‍സികള്‍ അന്വേഷണം തുടങ്ങി.

ക്രിസ്റ്റല്‍ രൂപത്തിലുള്ള എം.ഡി.എം.എ. യുവാക്കള്‍ക്കിടയില്‍ കല്ല്, പൊടി, കല്‍ക്കണ്ടം, ക്രിസ്റ്റല്‍ മെത്ത്, ഷാബു, ക്രിസ്റ്റല്‍, ഗ്ലാസ്, ഷാര്‍ഡ്, ബ്ലൂ, ഐസ് മെത്ത്, സ്പീഡ് തുടങ്ങിയ ഓമനപ്പേരുകളിലാണു അറിയപ്പെടുന്നത്. പാര്‍ട്ടി ഡ്രഗ് എന്നറിയപ്പെടുന്ന ലഹരിമരുന്നായ ക്രിസ്റ്റല്‍ മെത്ത് എം.ഡി.എം.എക്ക് കേരളത്തിലെ നഗരപ്രദേശങ്ങളില്‍ ആവശ്യക്കാര്‍ ഏറെയാണെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു.

ഇത് ഉപയോഗിക്കുന്നവരില്‍ സ്ത്രീകളും യുവാക്കളും വിദ്യാര്‍ഥികളുമുണ്ട്. ഡി.ജെ. പാര്‍ട്ടികളിലെത്തുന്ന പെണ്‍കുട്ടികളെ മയക്കി, അതുവഴി ലൈംഗിക ചൂഷണത്തിന് ഉപയോഗിക്കുന്നതിനാലാണു പാര്‍ട്ടി ഡ്രഗ് എന്ന ഓമന പേര് ഇതിനു നൽകിയിരിക്കുന്നത്. മണവും രുചിയുമില്ലാത്ത ഇതു ചിലപ്പോള്‍ ജ്യൂസില്‍ കലക്കി നല്‍കിയാണു മയക്കുന്നത്. അടുത്തിടെ കേരളത്തില്‍ റിപ്പോര്‍ട്ടു ചെയ്ത മിക്ക ലഹരിപീഡന കേസുകളിലും എം.ഡി.എം.എയാണു പ്രധാന വില്ലന്‍ എന്നതും ശ്രദ്ധേയം.

ശ്രീലങ്കയില്‍ എല്‍.ടി.ടി.ഇക്ക് ഇപ്പോഴും സ്വാധീനമുള്ള സ്ഥലങ്ങളിലെ പ്രധാന വരുമാന മാര്‍ഗമാണ് എം.ഡി.എം.എ.കടത്ത്. മലേഷ്യ, സിംഗപ്പുര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിര്‍മിച്ച് അവിടെ നിന്നു കടല്‍മാര്‍ഗം ശ്രീലങ്കയില്‍ എത്തിക്കുകയും അവിടെ നിന്ന് അഭയാര്‍ഥികള്‍ വഴി ബോട്ടു മാര്‍ഗം ചെന്നൈ, തൂത്തുക്കുടി തുടങ്ങിയ തുറമുഖ നഗരങ്ങളില്‍ എത്തിക്കുകയുമാണു ചെയ്തിരുന്നത്. തുടർന്ന് അവിടെ നിന്നു മുംബൈ, ഗോവ, ബംഗളൂരു, ഹൈദരാബാദ്, കൊച്ചി തുടങ്ങി രാജ്യത്തിന്റെ പല ഭാഗത്തേക്കും ഏജന്റുമാര്‍ എത്തിക്കും. എന്നാല്‍, നേവിയും കോസ്റ്റ്ഗാഡും നിരീക്ഷണം ശക്തമാക്കിയതോടെയാണു കടത്തല്‍ കുറഞ്ഞതും ഇവിടെത്തന്നെ നിര്‍മിച്ചു തുടങ്ങിയതും.