ജോക്കറില്‍ എത്തിയത് അങ്ങനെ, മന്യ പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മന്യ. ജോക്കര്‍ എന്ന ചിത്രത്തിലെ കമലയായി മലയാളി പ്രേക്ഷകരുടെ പ്രിയ താരമായി മാറാന്‍ മന്യ്ക്ക് സാധിച്ചു. പിന്നീട് സൂപ്പര്‍ താരങ്ങളുടെ അടക്കം നായികയായി. മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ദിലീപ്, പൃഥ്വിരാജ് ഉള്‍പ്പെടെയുളള താരങ്ങളുടെ സിനിമകളിലെല്ലാം മന്യ ഭാഗമായി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും മന്യ അഭിനയിച്ചു.

ലോഹിതദാസ് തന്നെ തിരക്കഥ എഴുതി സംവിധാനം ചെയ്ത ജോക്കര്‍ മന്യയുടെ കരിയറിന് തന്നെ വഴിത്തിരിവായിരുന്നു. ഇപ്പോള്‍ ജോക്കര്‍ സിനിമയിലേക്ക് എത്തിയത് എങ്ങനെയാണെന്ന് പറയുകയാണ് മന്യ. മോഡലിംഗ് ചെയ്തതിന് ശേഷമാണ് സിനിമയിലേക്ക് എത്തുന്നതെന്ന് മന്യ പറയുന്നു. ഒട്ടും പ്രതീക്ഷിക്കാതെയാണ് താരം സിനിമയില്‍ എത്തിയത്. അച്ഛന്‍ ഡോക്ടര്‍ ആയതുകൊണ്ട് ആ രംഗത്തേക്ക് തന്നെ താനും പോവുമെന്നാണ് കരുതിയത്. എന്നാല്‍ തെലുങ്ക് ചിത്രത്തിലൂടെ സിനിമയില്‍ എത്തി. -മന്യ പറയുന്നു.

തെലുങ്കില്‍ രണ്ട് സിനിമകള്‍ ചെയ്തുനില്‍ക്കുന്ന സമയത്താണ് ലോഹിതദാസ് സാറും വേണു സാറും കഥ പറയാനായി ഹൈദരാബാദിലെ വീട്ടിലേക്ക് വരുന്നതെന്ന് നടി പറയുന്നു. അന്ന് ഞാന്‍ മേക്കപ്പിട്ടാണ് അവരുടെ മുന്നില്‍ പോയി നിന്നത്. എന്നാല്‍ മേക്കപ്പ് ഒന്ന് കഴുകി കളയാമോ, കുറച്ച് ഫോട്ടോകള്‍ എടുക്കാനുണ്ടെന്ന് വേണു സാര്‍ പറഞ്ഞു. സത്യത്തില്‍ അങ്ങനെ പറഞ്ഞപ്പോള്‍ താന്‍ അതിശയിച്ചുപോയി.

കാരണം തെലുങ്ക് സിനിമയില്‍ എല്ലാം ഗ്ലാമറിന് അല്‍പ്പം പ്രാധാന്യം നല്‍കുന്നതാണ് താന്‍ കണ്ടിട്ടുളളത്. ഫോട്ടോസ് എടുത്ത് പോയ ശേഷം പിന്നെയാണ് പിന്നെയാണ് ജോക്കറിലേക്കുളള കോള്‍ വരുന്നത്. ഷൊര്‍ണ്ണൂരില്‍ വെച്ചായിരുന്നു ചിത്രീകരണം നടന്നത്. ശരിക്കുമൊരു സര്‍ക്കസ് കൂടാരത്തിലായിരുന്നു സിനിമയുടെ ഷൂട്ടിംഗെന്നും നടി പറയുന്നു. അന്ന് അസോസിയേറ്റ് ഡയറക്ടായ ബ്ലെസി ചേട്ടനാണ് മന്യയ്ക്ക് ഡയലോഗുകള്‍ പറഞ്ഞുകൊടുത്തത്.

മലയാളം സംഭാഷണങ്ങള്‍ മനപാഠം പഠിച്ച് പറയുകയായിരുന്നു പ്രോമ്ടിംഗ് ഇല്ലായിരുന്നു. ലോഹിതദാസ് സാറിന് എന്താണ് വേണ്ടതെന്ന് കൃത്യമായി അറിയാമായിരുന്നു. അദ്ദേഹം ഓരോ രംഗവും അഭിനയിച്ചുകാണിച്ചുതന്നു. ഞാന്‍ എന്താണോ അങ്ങനെ തന്നെയാണ് കമല എന്ന കഥാപാത്രമെന്നും മന്യ പറഞ്ഞു. സിനിമ എന്താണെന്നും അഭിനയം എന്താണെന്നും താന്‍ പഠിച്ചത് ജോക്കറിന്‌റെ ലൊക്കേഷനില്‍ നിന്നാണ്. ആ സിനിമയിലൂടെ മികച്ച പുതുമുഖ നടിക്കുളള കേരള സംസ്ഥാന സര്‍ക്കാരിന്‌റെ ക്രിട്ടിക്കല്‍ അവാര്‍ഡ് ലഭിച്ചു.- മന്യ പറഞ്ഞു.