അള്‍ത്താരയും ആരാധനയും വെറുപ്പിന്‍റെ രാഷ്ട്രീയം പ്രചരിപ്പിക്കാന്‍ ഉപയോഗിക്കരുത് -ഗീവര്‍ഗീസ്​ മാര്‍ കൂറിലോസ്​

കോഴിക്കോട്​: അള്‍ത്താരയും ആരാധനയും വെറുപ്പിന്‍റെ രാഷ്ട്രീയം പ്രസംഗിക്കാനും പ്രചരിപ്പിക്കാനും ഉപയോഗിക്കരുതെന്ന്​ യാക്കോബായ സഭാ നിരണം ഭദ്രാസനാധിപന്‍ ബിഷപ്പ്​ ഗീവര്‍ഗീസ്​ മാര്‍ കൂറിലോസ്​. ക്രിസ്​ത്യാനികളെ ലക്ഷ്യമിട്ട്​ കേരളത്തില്‍ ലവ്​ ജിഹാദും നാര്‍ക്കോട്ടിക്​ ജിഹാദും നടക്കുന്നതായുള്ള പാലാ ബിഷപ്പ്​ മാര്‍ ജോസഫ്​ കല്ലറങ്ങാട്ടിന്‍റെ വര്‍ഗീയ പരാമര്‍ശനത്തിനെതിരെ ഫേസ്​ബുക്കിലൂടെ പ്രതികരിക്കുകയായിരുന്നുമാര്‍ മാര്‍ കൂറിലോസ്​.

‘സുവിശേഷം സ്നേഹത്തി​േന്‍റതാണ്, വിദ്വേഷത്തി​േന്‍റതല്ല. അള്‍ത്താരയും ആരാധനയും വെറുപ്പിന്റെ രാഷ്ട്രീയം പ്രസംഗിക്കുവാനും പ്രചരിപ്പിക്കുവാനും ആരും ഉപയോഗിക്കരുത്. മതേതരത്വം അതിവേഗം തകര്‍ക്കപ്പെടുന്ന ഒരുകാലത്ത് അതിന് ആക്കം കൂട്ടുന്ന പ്രസ്താവനകള്‍ ഉത്തരവാദിത്തപ്പെട്ടവര്‍ ഒഴിവാക്കണം. തര്‍ക്കങ്ങള്‍ക്കായി പ്രഭാഷണങ്ങള്‍ ദുരുപയോഗം ചെയ്യരുത്’ -മാര്‍ കൂറിലോസ് ഫേസ്​ബുക്കില്‍ കുറിച്ചു.

മാര്‍ ജോസഫ്​ കല്ലറങ്ങാട്ടിന്‍റെ പ്രസ്​താവനക്കെതിരെ രംഗത്തുവന്ന മുഖ്യമന്ത്രി പിണറായി വിജയനെയും മാര്‍ കൂറിലോസ് അഭിനന്ദിച്ചു.