മരട് ഫ്ളാറ്റ് ഒഴിപ്പിക്കല്‍ പ്രതിസന്ധി: പകരം താമസിക്കാന്‍ ഫ്ളാറ്റുകളില്ല

കൊച്ചി; മരട് ഫ്ളാറ്റ് ഒഴിപ്പിക്കല്‍ പ്രതിസന്ധി തുടരുന്നു. കുടുംബങ്ങളെ പകരം താമസിപ്പിക്കാന്‍ ഫ്ളാറ്റുകളില്ല. ജില്ലാ ഭരണകൂടം കണ്ടെത്തിയ ഫഌറ്റുകളില്‍ ഒഴിവില്ലെന്ന്ഫ്ളാറ്റ് ഉടമകള്‍. വിളിച്ചന്വേഷിക്കുമ്പോള്‍ കിട്ടുന്നത് മോശം മറുപടിയെന്ന് ആക്ഷേപം.

മാറി താമസിക്കാന്‍ തയ്യാറായവര്‍ ഇതോടെ പ്രതിസന്ധിയിലായി. ഒക്ടോബര്‍ മൂന്നിനുള്ളില്‍ താമസക്കാര്‍ ഒഴിയുമെന്നാണ് പറഞ്ഞിരുന്നത്. കലക്ടര്‍ എസ് സുഹാസാണ് ഇക്കാര്യം അറിയിച്ചത്. മൂന്നാം തീയതിക്ക് മുന്‍പായി ഒഴിയണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. മൂന്നിനുള്ളില്‍ ഒഴിപ്പിക്കല്‍ പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ 11 മുതല്‍ ഫഌറ്റുകള്‍ പൊളിച്ചു തുടങ്ങാനാണ് തീരുമാനം.

മൂന്നാം തിയതി വരെയാണ് ഫ്ലാറ്റുകളില്‍ നിന്ന് ഒഴിയാനായി ഉടമകള്‍ക്ക് അനുവദിച്ചിരിക്കുന്ന സമയം. രണ്ടാഴ്ചക്കുള്ളില്‍ നഷ്ടപരിഹാരം ലഭ്യമാക്കുമെന്ന ഉറപ്പും കലക്റ്റര്‍ ഫ്ലാറ്റ്
ഉടമകള്‍ക്ക് നല്‍കിയിട്ടുണ്ട്.

വിദേശത്തുള്ള ഉടമകളുടെ സാധനസാമഗ്രികള്‍ ജില്ലാ ഭരണകൂടത്തിന്‍റെ സംരക്ഷണയില്‍ സൂക്ഷിക്കും. എന്നാല്‍ ജില്ലാ കലക്റ്റര്‍ നല്‍കിയ ഉറപ്പുകള്‍ പാലിച്ചില്ലെങ്കില്‍ വീണ്ടും സമരം തുടങ്ങാനാണ് ഫ്ലാറ്റ് ഉടമകളുടെ തീരുമാനം. അടുത്തമാസം മൂന്നുവരെയാണ് ഒഴിപ്പിക്കല്‍ നടപടി. 90 ദിവസത്തിനുള്ളില്‍ ഫ്ലാറ്റുകള്‍ പൊളിക്കണമെന്ന സുപ്രീംകോടതിയുടെ അന്ത്യശാസനത്തെ തുടര്‍ന്നാണ് നടപടി.

നിയന്ത്രിത സ്‌ഫോടനത്തിലൂടെ ഫ്ലാറ്റുകള്‍ പൊളിക്കാനാണ് തീരുമാനം. ഉടമകളുടെ ആവശ്യങ്ങള്‍ പരിഗണിക്കും. വെള്ളവും വൈദ്യുതിയും നാല് ദിവസത്തേക്ക് കൂടി നല്‍കുമെന്നും സബ് കലക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്.