ഗുരുവായൂരപ്പന് വഴിപാടായി ആറരലക്ഷം രൂപ വിലവരുന്ന കാർ നൽകി കോഴിക്കോട് സ്വദേശി

ഗുരുവായൂരപ്പന് വഴിപാടായി ലേറ്റസ്റ്റ് ഫീച്ചേഴ്‌സുകളോടെയുള്ള മാരുതിയുടെ ഈക്കോ സെവന്‍ സീറ്റര്‍ വാഹനം. വഴിപാട് സമർപ്പിച്ചത് ബംഗ്‌ളൂരുവില്‍ സിക്‌സ് ഡി എന്ന ഐടി സ്ഥാപനം നടത്തുന്ന കോഴിക്കോട് സ്വദേശി അഭിലാഷ്. 1200 സിസി ശേഷിയുള്ള വാഹനത്തില്‍ 7 പേര്‍ക്ക് സഞ്ചരിക്കാം. ലേറ്റസ്റ്റ് ഫീച്ചേഴ്‌സുകളോടെയുള്ള മാരുതി ഈക്കോയ്ക്ക് ആറരലക്ഷമാണ് വില.

ഇന്നു രാവിലെ ഗുരുവായൂര്‍ ക്ഷേത്രം കിഴക്കേനട സത്രം ഗേറ്റിനു സമീപം നടന്ന ചടങ്ങില്‍ ക്ഷേത്രം ഊരാളനും ദേവസ്വം ഭരണസമിതി അംഗവുമായ ബ്രഹ്‌മശ്രീ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട് വാഹനം എറ്റുവാങ്ങി.

അതേസമയം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 2023 ആഗസ്റ്റ് മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ലഭിച്ചത് 5.89 കോടിരൂപയാണ്. 2 കിലോ 977 ഗ്രാം 100 മില്ലിഗ്രാം സ്വര്‍ണ്ണം ലഭിച്ചു. 21 കിലോ 640 ഗ്രാം വെള്ളിയാണ് ലഭിച്ചത്. കേരള ഗ്രാമീണ്‍ ബാങ്ക് ഗുരുവായൂര്‍ ശാഖയ്ക്കായിരുന്നു എണ്ണല്‍ ചുമതല. ക്ഷേത്രം കിഴക്കേനടയിലെ എസ്ബിഐയുടെ ഇ ഭണ്ഡാരം വഴി ജൂലൈ 3 മുതല്‍ ജൂണ്‍ ആഗസ്റ്റ് 8 വരെ 2,04389രൂപ ലഭിച്ചു. സ്ഥിരം ഭണ്ഡാര വരവിന് പുറമെയാണിത്. നിരോധിച്ച ആയിരം രൂപയുടെ 9 കറന്‍സിയും അഞ്ഞൂറിന്റെ 70 കറന്‍സിയും ലഭിച്ചു.