മാസപ്പടി വിവാദത്തില്‍ വീണ്ടും നിലപാട് മാറ്റി കുഴല്‍നാടന്‍, ഒരു തീരുമാനത്തിൽ ഉറച്ചുനിൽക്കാൻ കോടതി

തിരുവനന്തപുരം : തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന് എതിരായ മാസപ്പടി കേസിൽ നിലപാട് മാറ്റി കോണ്‍ഗ്രസ് നേതാവും മൂവാറ്റുപുഴ എം.എല്‍.എയുമായ മാത്യു കുഴല്‍നാടന്‍. ചെയ്യാത്ത സേവനത്തിന് വന്‍തുക കൈപ്പറ്റി എന്ന കേസ് വിജിലന്‍സ് അന്വേഷിക്കണമെന്ന മുന്‍ ആവശ്യത്തിന് പകരം, കോടതി നേരിട്ട് അന്വേഷിക്കണമെന്നാണ് കുഴല്‍നാടൻ കോടതിയിൽ ആവശ്യപ്പെട്ടത്.

കേസിൽ വിജിലൻസ് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കുഴൽനാടൻ വിജിലൻസ് കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ഇന്ന് ഉത്തരവ് പറയാനിരിക്കെയാണ് പുതിയ നീക്കം. ഏതെങ്കിലും ഒരു തീരുമാനത്തിൽ ഉറച്ചു നിൽക്കണമെന്ന് തിരുവനന്തപുരം വിജിലൻസ് കോടതി കുഴൽനാടന് താക്കീത് നൽകി. വിധി പറയാനായി ഹർജി ഈ മാസം 12ലേക്ക് മാറ്റി.

ഫെബ്രുവരി 29നാണ് മാത്യു കുഴൽനാടൻ മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ചത്. കരിമണൽ ഖനനം ചെയ്യുന്നതിനായി സിഎംആർഎൽ കമ്പനിക്ക് അനുമതി നൽകിയതിന് പ്രതിഫലമായി മുഖ്യമന്ത്രിയുടെ മകൾക്ക് മാസപ്പടി ലഭിച്ചുവെന്നാണ് ആരോപണം. മുഖ്യമന്ത്രിയ്‌ക്കും മകൾക്കുമുൾപ്പെടെ ഏഴ് പേർക്കെതിരെയായിരുന്നു അദ്ദേഹം ഹർജി സമർപ്പിച്ചത്. എന്നാൽ കേസ് ഇപ്പോൾ വിജിലൻസ് അന്വേഷിക്കേണ്ടതില്ലെന്നും കോടതി നേരിട്ട് അന്വേഷിച്ചാൽ മതിയെന്നുമാണ് മാത്യു കുഴൽനാടന്റെ വാദം.

വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി വിവാദം സംബന്ധിച്ച കേസ് നേരത്തെ മറ്റൊരു ഏജന്‍സിയാണ് അന്വേഷിച്ചിരുന്നത്. കേസ് മറ്റൊരു ഏജന്‍സിയുടെ അന്വേഷണ പരിധിയിലായതിനാല്‍ വിജിലന്‍സിന് ഈ കേസ് അന്വേഷിക്കാന്‍ പറ്റില്ലെന്ന നിലപാടായിരുന്നു അന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ കോടതിയില്‍ എടുത്തത്.