ഭൂനിയമം ലംഘിച്ചിട്ടില്ല, ഹോം സ്റ്റേയുടെ അനുമതി നേടി റിസോർട്ടോ, ടൂറിസ്റ്റ് കേന്ദ്രമോ ആയി ഉപയോഗിക്കുന്നതിന് തടസ്സമില്ല, വിശദീകരണവുമായി മാത്യു കുഴനാടൻ

തൊടുപുഴ∙ ചിന്നക്കനാലിലെ ഭൂമി സംബന്ധിച്ചുള്ള ആരോപണത്തിൽ മറുപടിയുമായി മാത്യു കുഴൽനാടൽ എംഎൽഎ. ‘കപ്പിത്താൻ ബംഗ്ലാവ്’ റിസോർട്ടിൽ നിന്നുള്ള വിഡിയോ ഫെയ്സ്ബുക്കിൽ പങ്കുവച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ചിന്നക്കനാലിൽ ഭൂനിയമം ലംഘിച്ച് റിസോർട്ട് പണിതുവെന്ന് പറയുന്നു.‘മൂന്നുവർഷം മുൻപ് ഈ പ്രോപ്പര്‍ട്ടി വാങ്ങുമ്പോൾ ഇതിനകത്ത് ഉണ്ടായിരുന്ന കെട്ടിടങ്ങളാണ് ഇപ്പോഴും ഉള്ളത്. നാല് കെട്ടിടത്തിൽ മൂന്നെണ്ണം 90–95 ശതമാനം പണി പൂർത്തിയായതാണ് ഇവിടെയുള്ളത്. വാങ്ങിയതിനു ശേഷം ഒരു കെട്ടിടം പോലും പുതിയതായി പണിതിട്ടില്ല.താഴെ ഒരു ഭാഗം ഇടിഞ്ഞുപോയിരുന്നു. അവിടെ സംരക്ഷണ ഭിത്തി കെട്ടി. പുറമേ, ഇന്റീരിയർ മെയിന്റനസ് വർക്കുകളും ചെയ്തിട്ടുണ്ട്. അതല്ലാതെ പുതിയതായി ഒരു കെട്ടിടം പോലും ഇവിടെ പണിതിട്ടില്ല.’’

‘‘അപേക്ഷിച്ചതുതന്നെ റെസിഡൻഷ്യൽ പെർമിറ്റിനുവേണ്ടിയതാണ്. അതുകൊണ്ടുതന്നെ ഇന്നത്തെ ഭൂനിയമ പ്രകാരം നിയമപരമായി അനുമതിയുള്ള കെട്ടിടമാണെന്ന് അടിവരയിട്ടുപറയുന്നു. കാരണം പട്ടയഭൂമിയിൽ നിയമപരമായി റെസിഡൻഷ്യൽ ബിൽഡിങ് മാത്രമേ പണിയാൻ കഴിയൂ. ഹോം സ്റ്റേയുടെ അനുമതി നേടി റിസോർട്ടോ, ടൂറിസ്റ്റ് കേന്ദ്രമോ ആയി ഉപയോഗിക്കുന്നതിന് യാതൊരു തടസ്സവും ഇല്ല’’– അദ്ദേഹം പറഞ്ഞു.

‘‘ 2015നു ശേഷം കെട്ടിടം പണിയണമെങ്കിൽ എൻഒസി വേണം. ഇതിൽ രണ്ടു കെട്ടിടങ്ങൾക്ക് എൻഒസി ലഭിച്ചിട്ടുണ്ട്. മൂന്നാമത്തെ കെട്ടിടത്തിനുള്ള അപേക്ഷ നൽകിയിട്ടുണ്ട്. സർക്കാർ അനുമതി നല്‍കുന്ന മുറയ്ക്കു മാത്രമേ ആ കെട്ടിടങ്ങൾ ഉപയോഗിക്കൂ’’– അദ്ദേഹം പറഞ്ഞു. പത്തനംതിട്ട റാന്നി സ്വദേശികളായ രണ്ടുപേരാണ് റിസോർട്ടുമായി ബന്ധപ്പെട്ടുള്ള തന്റെ പാർട്ട്നർമാരെന്നും ഇവർ ബെനാമികളല്ലെന്നും സിപിഎമ്മുമാർക്ക് ഇവരുടെ പശ്ചാത്തലം അന്വേഷിക്കാമെന്നും കുഴൽനാടൻ പറഞ്ഞു.