അശ്ലീല മെസേജ് സസ്‌പെന്‍ഷനില്‍ ഒതുങ്ങിയില്ല; വേണു ബാലകൃഷ്ണനെ പുറത്താക്കി മാതൃഭൂമി

തിരുവനന്തപുരം: സഹപ്രവര്‍ത്തകയായ മാധ്യമപ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശം അയച്ചതിന് മാതൃഭൂമി ന്യൂസ് ചാനലിലെ പ്രൈം ടൈം അവതാരകന്‍ വേണു ബാലകൃഷ്ണനെ പുറത്താക്കി.

മാതൃഭൂമി ന്യൂസ് ചാനലിലെ ഡെപ്യൂട്ടി എഡിറ്ററാണ് വേണു ബാലകൃഷ്ണന്‍. നേരത്തെയും വേണു ബാലകൃഷ്ണനെതിരെ മാതൃഭൂമിയിലെ ജീവനക്കാരി പരാതി നല്‍കിയിരുന്നു. വേണുവിനെ മാനേജ്മെന്റ് കഴിഞ്ഞ ദിവസം അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തിരുന്നു. സസ്പെന്‍ഷന് പിന്നാലെയാണ് പുറത്താക്കാനുള്ള തീരുമാനം.

ഏഷ്യാനെറ്റ് ന്യൂസിലെ പ്രൈം ടൈം അവതാരകനെന്ന നിലയിലാണ് വേണു ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് റിപ്പോര്‍ട്ടര്‍ ചാനലില്‍ മാനേജിംഗ് എഡിറ്ററായിരുന്നു. പരാതിക്കാരി ഉറച്ച്‌ നിന്നതോടെയാണ് മാനേജ്മെന്റ് കടുത്ത നടപടിയിലേക്ക് നീങ്ങിയത്. യുവ മാധ്യമ പ്രവര്‍ത്തക ചാനലിന്‍്റെ വനിതാ സെല്‍ വഴിയാണ് മാധ്യമ പ്രവര്‍ത്തകനെതിരെ പരാതി നല്‍കിയത്. ഒരു മേക്കപ്പ് വുമണ്‍ അടക്കം ഇയാള്‍ക്കെതിരെ പരാതി പറഞ്ഞിരുന്നു. ഇവര്‍ പിന്നിട് പരാതിയില്‍ ഉറച്ചു നിന്നിരുന്നില്ല.