സ്പീക്കറും കുടുങ്ങി ; റോഡിലെ കുഴി ജനങ്ങള്‍ മാത്രം അനുഭവിച്ചാല്‍ പോരല്ലോ

നാട്ടിലെ അവസ്ഥ ജനങ്ങള്‍ മാത്രംല്ല ജനപ്രതിനിധികളും അനുഭവിക്കണം. എന്നാലെ വികസന പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കുകയുള്ളൂ. ജനങ്ങളുടെ ദുരിതം ജനപ്രതിനിധി അനുഭവിക്കുന്നത് അധികൃതരുടെ കണ്ണു തുറപ്പിക്കും. ഈ ഗതി വന്നത് നിയമസഭാ സ്പീക്കര്‍ എംബി രാജേഷിനാണ്‌.

ദേശീയ പാതയിലെ കുഴിയില്‍ വീണ് പഞ്ചറായി സ്പീക്കറുടെ കാര്‍. തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെയാണ് ദേശീയപാതയിലെ കുഴി സ്പീക്കര്‍ എം ബി രാജേഷിന്റെ വാഹനം പെരുവഴിയിലാക്കിയത്. ദേശീയപാതയിൽ 66-ൽ കായംകുളം കെപിഎസിക്ക് സമീപത്തുവച്ചാണ് സംഭവം.  രാത്രി എട്ടരയോടെ ഇവിടെയെത്തിയ സ്പീക്കറുടെ ഔദ്യോഗിക വാഹനം കുഴിയില്‍ വീണതിന് പിന്നാലെ പഞ്ചാറാവുകയായിരുന്നു.

ഇതോടെ സ്പീക്കറെ പൊലീസ് വാഹനത്തില്‍ കൃഷ്ണപുരം കെടിഡിസിയിലേക്ക് മാറ്റി. അരമണിക്കൂറിന് ശേഷം പഞ്ചറൊട്ടിച്ച ഔദ്യോഗിക വാഹനത്തില്‍ സ്പീക്കര്‍ തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു. ഹരിപ്പാട് മുതൽ കൃഷ്‌ണപുരംവരെ ദേശീയപാതയില്‍ നിരവധി കുഴികളാണുള്ളത്. നിരവധി അപകടങ്ങളും ഈ മേഖലയില്‍ പതിവാണ്.