കൊച്ചിയിൽ വാടകയ്ക്ക് മുറിയെടുത്ത് ലഹരിമരുന്ന് വില്‍പ്പന, യുവതിയുൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ

നഗരത്തില്‍ വ്യത്യസ്ത ഇടങ്ങളില്‍ മുറിയെടുത്ത് താമസിച്ച് രാസലഹരി വില്‍പ്പന നടത്തുന്ന സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍. ഉടുമ്പന്‍ചോല ഉപ്പുകണ്ടം പൂയപ്പള്ളി വീട്ടില്‍ അരവിന്ദ് (32), പള്ളിക്കര പിണര്‍മുണ്ടയില്‍ താമസിക്കുന്ന കാക്കനാട് അഞ്ചാംകുന്നത്ത് വീട്ടില്‍ ആഷ്ലി (24) എന്നിവരാണ് പിടിയിലായത്. 18.55 ഗ്രാം ക്രിസ്റ്റല്‍ രൂപത്തിലുള്ള എം.ഡി.എം.എ.യും പതിനഞ്ച്‌ എക്സ്റ്റസി പില്‍സും (1.246 ഗ്രാം) ഇവരില്‍ നിന്ന് പിടിച്ചെടുത്തു.

മൂന്നുമാസം മുന്‍പ് അരവിന്ദിന്റെ സുഹൃത്തിനെ എം.ഡി.എം.എ.യുമായി പിടികൂടിയിരുന്നു. പതിനാല് ലക്ഷം രൂപ വില വരുന്ന അരവിന്ദിന്റെ ആഡംബര ബൈക്കും അന്ന് പിടികൂടിയിരുന്നു. ഇതേത്തുടര്‍ന്ന് മുങ്ങിയ അരവിന്ദിനുവേണ്ടിയുള്ള അന്വേഷണം നടന്നുവരികയായിരുന്നു. ഇടപ്പള്ളിക്കടുത്ത് മരോട്ടിച്ചുവടിലെ അപ്പാര്‍ട്ട്‌മെന്റില്‍ അരവിന്ദും ആഷ്ലിയും താമസിക്കുന്നുണ്ടെന്ന വിവരം ലഭിച്ചു. തുടര്‍ന്ന് ഇവരുടെ താമസസ്ഥലത്ത് എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ലഹരിവസ്തുക്കള്‍ കണ്ടെത്തിയത്.

ഡോഗ് ട്രെയ്‌നേഴ്‌സ് എന്ന വ്യാജേനയാണ് ഇരുവരും ഇവിടെ മുറിയെടുത്ത് താമസം തുടങ്ങിയത്. പകൽ സമയം മുഴുവൻ റൂമിൽ കഴിയുന്ന ഇരുവരും രാത്രിയോട് കൂടിയാണ് മയക്ക് മരുന്ന് കൈമാറ്റം ചെയ്തിരുന്നത്. മോളി, മാന്റി, ബട്ടൺ എന്നീ വിളിപ്പേരുകളിൽ അറിയപ്പെടുന്ന എക്സ്റ്റസി പിൽസ് ഒന്നിന് 4000 മുതൽ ഡിമാന്റ് അനുസരിച്ച് പല വിലകളാണ് ഇവർ ഈടാക്കിയിരുന്നത്.

ഇവരുടെ സംഘത്തിൽ ഉൾപ്പെട്ടിട്ടുള്ള ആളുകളെക്കുറിച്ചുള്ള വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും കൂടുതൽ അറസ്റ്റ് വരും ദിവസങ്ങളിൽ ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു.ഇൻസ്‌പെക്ടർ പ്രമോദ് എംപി, ഇന്റലിജൻസ് പ്രിവന്റീവ് ഓഫീസർ എൻ.ജി. അജിത്ത്കുമാർ , പ്രിവന്റീവ് ഓഫീസർ ടി.എൻ . അജയകുമാർ , കെ.ആർ. സുനിൽ, സിറ്റി മെട്രോ ഷാഡോയിലെ സിഇഒ. എൻ.ഡി.ടോമി, പി.പത്മഗിരീശൻ, വനിത സിഇഒ അനിമോൾ , ഡ്രൈവർ പ്രവീൺ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. ഇവരെ പിന്നീട് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു