മെറിന്റെ മൃതദേഹം ജന്മനാട്ടിലേക്ക്, അടുത്ത ബന്ധുക്കൾക്ക് മെറിനെ അവസാനാമായി കാണാൻ സൗകര്യം ഒരുക്കും

ഭർത്താവിന്റെ കൈകളാൽ മരണപ്പെട്ട മെറിൻ ജോയി(28)യുടെ മൃതദേഹം നാട്ടിലെത്തിക്കാനുളള നടപടികൾ ആരംഭിച്ചു. പൊംപാനോ ബീച്ച് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോർട്ട നടപടികൾക്കുശേഷം നാളെ ബന്ധുക്കൾക്ക് വിട്ടുനൽകും. കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ അമേരിക്കയിലുള്ള ബന്ധുക്കൾ മൃതദേഹത്തെ അനുഗമിക്കുന്നില്ല. ഞായറാഴ്ച താമ്പയിലെ ക്‌നാനായ കത്തോലിക്കാ പളളിയിൽ പൊതുദർശനത്തിനു വയ്ക്കും. ഏജൻസി വഴി മൃതദേഹം അടുത്തയാഴ്ച നാട്ടിലെത്തിക്കും.

മകൾക്കും മാതാപിതാക്കൾക്കും അടുത്ത ബന്ധുക്കൾ്കകും ഇതോടെ മെറിനെ ഒരു നോക്കു കാണാൻ സാധിക്കും. അവസാന ഷിഫ്റ്റും കഴിഞ്ഞ് സഹപ്രവർത്തകരോടു യാത്രപറഞ്ഞ് ബ്രൊവാഡ് ഹെൽത്ത് ആശുപത്രിയിൽനിന്നു വീട്ടിലേക്കു പോകാൻ തയാറെടുക്കുമ്പോൾ പാർക്കിങ് ഏരിയയിൽ വച്ചാണ് മെറിൻ ആക്രമിക്കപ്പെട്ടത്. 17 തവണ മെറിനെ കുത്തിയ ശേഷം ഫിലിപ്പ് വാഹനം മെറിന്റെ ശരീരത്തിലൂടെ ഓടിച്ചുകയറ്റുകയായിരുന്നു. പിന്നീട് ഹോട്ടൽ മുറിയിൽനിന്നാണ് ഫിലിപ്പിനെ പോലീസ് അറസ്റ്റു ചെയ്യുന്നത്. ഇയാൽ പോലീസ് കസ്റ്റഡിയിലാണ്.

പഠനത്തിൽ സമർത്ഥയായിരുന്ന മെറിൻ ബംഗളുരു സെന്റ് ജോൺസിൽനിന്ന് ബി.എസ്‌സി നഴ്‌സിങ് പൂർത്തിയാക്കിയശേഷം ഐ.എൽ.ടി.എസ് ആദ്യ പരീക്ഷയിൽതന്നെ ഉയർന്ന പോയിന്റോടെ പാസായി. തുടർന്ന് സ്റ്റുഡന്റ്‌സ് വിസയിൽ കാനഡയ്ക്ക് പോകുന്നതിനുള്ള തയാറെടുപ്പിനിടെയാണു നെവിനുമായുളള വിവാഹം നടന്നത്.

ഹോട്ടൽ മാനേജ്‌മെന്റ് ബിരുദമുണ്ടെന്നും ചിക്കാഗോയിൽ ഗ്യാസ് സ്‌റ്റേഷനിൽ ഉയർന്ന ശമ്പളത്തിൽ ജോലിയെന്നുമാണു വിവാഹസമയത്തു പറഞ്ഞിരുന്നത്. എന്നാൽ ചെറിയ ശമ്പളമാണു നെവിന് ലഭിച്ചിരുന്നത്. ഇതോടെ ചിക്കാഗോയിലെ ജോലി ഉപേക്ഷിച്ച് മെറിന്റെ ബന്ധുവിന്റെ ഉടമസഥതയിലുളള ഗ്യാസ് സ്‌റ്റേഷനിൽ കാഷ്യറായി ജോലി ചെയ്തുവരികയായിരുന്നു. മെറിനുമായി പ്രശ്‌നങ്ങൾ ഉടലെടുത്തതോടെ ഈ ജോലി ഉപേക്ഷിച്ചു. വിവാഹത്തിന്റെ ആദ്യനാളുകളിൽ നെവിനും മെറിനും തമ്മിൽ പ്രശ്‌നങ്ങൾ ഇല്ലായിരുന്നെങ്കിലും സ്ഥിരമായി ജോലി ഇല്ലാതെവന്നത് നെവിനെ അസ്വസ്ഥനാക്കിയിരുന്നതായി മെറിന്റെ ബന്ധുക്കൾ പറഞ്ഞു. ഭർത്താവാണ് അക്രമിച്ചതെന്ന് മെറിൻ പോലീസിന് മൊഴി നൽകിയിരുന്നു.

മെറിന്റെ കുടുംബാംഗങ്ങളുമായി കേന്ദ്രമന്ത്രി വി മുരളീധരൻ വിഡിയോ കോളിലൂടെ സംസാരിച്ചു . കുടുംബത്തിന് ആവശ്യമായി സഹായങ്ങളും വി മുരളീധരൻ വാഗ്ദാനം ചെയ്തു.ബിജെപി കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി ലിജിൻ ലാലിൻറെ ഇടപെടലിലൂടെ ആണ് കേന്ദ്രമന്ത്രി വിഷയത്തിൽ ഇടപെട്ടത്.