കുടുംബങ്ങളെ കൂട്ടുകാരാക്കി എൻ.ഡി.എ സ്ഥാനാർത്ഥിയുടെ പരസ്യപ്രചാരണം; മിനർവ മോഹനൊപ്പം കോട്ടയം വളരണമെന്ന് നാട്ടുകാർ

കോട്ടയം: വികസനമെന്ന പേരിൽ വായ്ത്താരികളും ഇരുമ്പുതൂണുകളും മാത്രം കണ്ട കോട്ടയത്ത് കുടുംബങ്ങളെ കൂട്ടുകാരാക്കി എൻ.ഡി.എ സ്ഥാനാർത്ഥി മിനർവ മോഹന്റെ പ്രചാരണം. മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ എത്തുന്ന സ്ഥാനാർത്ഥിയെ സ്വന്തം കുടുംബത്തിലെ അംഗത്തെ പോലെയാണ് രാഷ്ട്രീയ മത സാമുദായിക വ്യത്യാസമില്ലാതെ മണ്ഡലത്തിലെ ഓരോ വ്യക്തിയും സ്വീകരിക്കുന്നത്. മറ്റ് രാഷ്ട്രീയ പാർട്ടികളുടെ പ്രചാരണത്തിൽ നിന്നു വ്യത്യസ്തമായി അനൗദ്യോഗിക പ്രചാരണ രീതികളാണ് എൻ.ഡി.എ സ്ഥാനാർത്ഥി മിനർവമോഹൻ സ്വീകരിക്കുന്നത്.

പതിയെ ആളുകളുടെ മനസിലേയ്ക്കിറങ്ങുന്ന രീതിയിലാണ് എൻ.ഡി.എ സ്ഥാനാർത്ഥിയുടെ പ്രചാരണം മുഴുവനും നടക്കുന്നത്.ഇന്നലെ മൂലവട്ടം കുറ്റിക്കാട് ക്ഷേത്രത്തിലും പരിസരത്തുമാണ് എൻ.ഡി.എ സ്ഥാനാർത്ഥി പ്രചാരണത്തിനായി എത്തിയത്. രാവിലെ ഇവിടെ എത്തിയ സ്ഥാനാർത്ഥിയെ ക്ഷേത്രം ഭാരവാഹികളും ഭക്തരും ചേർന്നാണ് സ്വീകരിച്ചത്. മൂലടത്തെ വിവിധ വീടുകളിൽ ഗൃഹസമ്പർക്കം നടത്തിയ സ്ഥാനാർത്ഥിയെ ആതരിയുഴിഞ്ഞും, പൂമാലകൾ അണിയിച്ചുമാണ് സ്വീകരിച്ചത്.

പിന്നീട് മറിയപ്പള്ളിയിലേയ്ക്കു പോയ സ്ഥാനാർത്ഥിയെ ഇവിടെയുള്ള വീട്ടമ്മമാർ ചേർന്നു സ്വീകരിക്കുകയായിരുന്നു. മോദി സർക്കാരിന്റെ വികസന നേട്ടങ്ങൾ സാധാരണക്കാരുമായി പങ്കുവയ്ക്കാനാണ് സ്ഥാനാർത്ഥി കൂടുതൽ സമയവും ചിലവഴിച്ചത്. പനച്ചിക്കാട് മേഖലയിലെ വാർഡ് തല സമ്പർക്ക പരിപാടികളിലും, കൺവൻഷനിലും ഇന്നലെ സ്ഥാനാർത്ഥി പങ്കെടുത്തു. എല്ലായിടത്തും ആവേശോജ്വലമായ സ്വീകരണമെന്നാണ് സ്ഥാനാർത്ഥിയ്ക്ക് ലഭിച്ചത്.