ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സമരം, സംഘടനകളുമായി മന്ത്രിയുടെ ചർച്ച നാളെ

തിരുവനന്തപുരം: ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുടെ സമരത്തില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് വിളിച്ച് ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാര്‍. മന്ത്രിയുടെ ചേംബറില്‍ നാളെ വൈകിട്ട് മൂന്നിനാണു ചര്‍ച്ച. ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ എല്ലാ സംഘടനകളെയും മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ ചര്‍ച്ചയ്ക്കു വിളിച്ചു.

ഈ മാസം 23 ന് സിഐടിയുവുമായി ചര്‍ച്ച നടത്താനായിരുന്നു നേരത്തെയുള്ള തീരുമാനം. ഇത് മാറ്റിയാണ് നാളെ മൂന്ന് മണിക്ക് എല്ലാ സംഘടനാ നേതാക്കളുമായും ചര്‍ച്ച ചെയ്യാനുള്ള തീരുമാനം. മന്ത്രി ചര്‍ച്ച നടത്തുമെന്ന ഉറപ്പിലാണ് നേരത്തെ സമരത്തില്‍ നിന്ന് സിഐടിയു പിന്നോട്ട് പോയത്. എന്നാല്‍ ഈ ഉറപ്പില്‍ വിശ്വാസമര്‍പ്പിക്കാതെ മറ്റ് സംഘടനകള്‍ സമരവുമായി മുന്നോട്ട് പോവുകയായിരുന്നു.

സമരക്കാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ നടക്കാത്ത സാഹചര്യമാണുള്ളത്. ടെസ്റ്റിന് എത്തുന്നവര്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ പൊലീസ് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ല എന്നും ആക്ഷേപമുയര്‍ന്നിരുന്നു.

പരിഷ്‌കരണം പിന്‍വലിക്കാന്‍ ഡ്രൈവിങ് സ്‌കൂളുകള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി 21 ന് പരിഗണിക്കുന്നുണ്ട്. ഈ വിധിയും നിര്‍ണായകമാകും. ഇതു വരുന്നത് വരെ സമരം ശക്തമായി മുന്നോട്ട് കൊണ്ടു പോകാനാണ് സമരസമിതിയുടെ തീരുമാനം. ഇന്തോനേഷ്യയിലായിരുന്ന മന്ത്രി മടങ്ങിയെത്തിയ സാഹചര്യത്തിലാണ് നാളെ ചര്‍ച്ച വിളിച്ചിരിക്കുന്നത്.