മിസോറാമില്‍ പ്രതിപക്ഷമായ സോറം പീപ്പിള്‍സ് മൂവ്‌മെന്റ് വൻഭൂരിപക്ഷത്തോടെ ഭരണത്തിലേക്ക്

ഐസ്വാള്‍: മിസോറാമില്‍ പ്രതിപക്ഷമായ സോറം പീപ്പിള്‍സ് മൂവ്‌മെന്റ് മൃഗീയ ഭൂരിപക്ഷത്തോടെ ഭരണത്തിലേക്ക്. 40 അംഗ നിയമസഭയില്‍ 26 സീറ്റിലാണ് സെഡ്പിഎം മുന്നിട്ടു നില്‍ക്കുന്നത്. ഭരണകക്ഷിയായ എംഎന്‍എഫ് 10 ല്‍ താഴെ സീറ്റിലേക്ക് ചുരുക്കപ്പെട്ടു. ഭരണകക്ഷിയായ മിസോ നാഷണല്‍ ഫ്രണ്ടിന് കനത്ത തിരിച്ചടിയാണ് ഈ തിരഞ്ഞെടുപ്പിലൂടെ സംഭവിച്ചിരിക്കുന്നത്.

ബിജെപി മൂന്ന് സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്. കോൺഗ്രസിന് ഒരു സീറ്റിൽ മാത്രമാണ് ലീഡ് ചെയ്യാൻ സാധിക്കുന്നത്. നിലവിൽ സഭയിൽ 26 സീറ്റുകളാണ് എംഎൻഎഫിനുള്ളത്. ഇസഡ്പിഎമ്മിന് 8 സീറ്റുകളും. കേവലം ഒരു സീറ്റ് മാത്രമുണ്ടായിരുന്ന ബിജെപി മൂന്ന് സീറ്റുകളിൽ ചെയ്യുന്നുണ്ട്. അഞ്ച് സീറ്റുകൾ ഉണ്ടായിരുന്ന കോൺഗ്രസിന് ഒരു സീറ്റിൽ മാത്രമാണ് ലീഡ് കണ്ടെത്താൻ സാധിക്കുന്നത്.

സെഡ് പിഎം തലവനും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായ ലാല്‍ഡുഹോമ സെര്‍ച്ചിപ്പ് മണ്ഡലത്തില്‍ നിന്നും വിജയിച്ചു. മിസോറാമില്‍ സെഡ്പിഎം ഒറ്റയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ലാല്‍ഡുഹോമ പറഞ്ഞു. മുന്‍ ഐപിഎസ് ഓഫീസറാണ് ലാല്‍ഡുഹോമ. ആറുപാര്‍ട്ടികളുടെ സഖ്യമായ സെഡ്പിഎം 27 സീറ്റുകളിലാണ് മത്സരിച്ചത്

കേവല ഭൂരിപക്ഷത്തിന് 21 സീറ്റുകളാണ് വേണ്ടത്. ട്രെൻഡ് തുടരുകയാണെങ്കിൽ ഇസഡ്പിഎം തന്നെ അധികാരത്തിൽ എത്തും. ഇസഡ്പിഎമ്മിൽ നിന്നും നിലവിലെ പ്രതിപക്ഷ നേതാവായ ലൽഡുഹോമ മുഖ്യമന്ത്രിയാകുമെന്നാണ് റിപ്പോർട്ടുകൾ.