ഗുരുതര സുരക്ഷാ വീഴ്ച്ച ; ഐഎസ് റിക്രൂട്ട്‌മെന്റ് കേസിലെ ഒന്നാം പ്രതിയുടെ പക്കൽ മൊബൈൽ ഫോൺ; സംഭവം വിയ്യൂർ ജയിലിൽ

കണ്ണൂർ: വിയ്യൂർ സെൻട്രൽ ജയിലിൽ ഐഎസ് റിക്രൂട്ട്‌മെന്റ് കേസിലെ ഒന്നാം പ്രതി മൻഷീദ് മുഹമ്മദിന്റെ പക്കൽ മൊബൈൽ ഫോൺ കണ്ടെത്തി. എന്നാൽ ഫോണിനുള്ളിൽ സിം കാർഡ് ഉണ്ടായിരുന്നില്ല. സംഭവത്തിൽ അധികൃതരുടെ ഭാഗത്ത് ഗുരുതര സുരക്ഷാ വീഴ്ച്ചയുണ്ടായി. പരിശോധനയ്‌ക്കായി ഫോൺ സൈബർ സെല്ലിന് കൈമാറും. മൻഷീദ് ഫോൺ ഉപയോഗിച്ചിരുന്നത് മറ്റെന്തെങ്കിലും രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ആസൂത്രണം നടത്താനായിരുന്നോ, ഫോൺ എത്തിച്ച് നൽകിയത് ആരാണ്,തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തേണ്ടതുണ്ട്.

2016 ലെ കനകമല ഐഎസ് കേസിൽ 14 കൊല്ലം തടവിന് ശിക്ഷിക്കപ്പെട്ടയാളാണ് മൻഷീദ് മുഹമ്മദ്. കേസിലെ ഒന്നാം പ്രതിയാണ് ഇയാൾ. മൻഷീദിൽ നിന്ന് നിന്ന് മൊബൈൽ ഫോൺ പിടിച്ചെടുത്തത് വലിയ സുരക്ഷാപിഴവിലേക്കാണ് വിരൽ ചൂണ്ടുന്നത്.കണ്ണൂർ പാനൂരിലെ കനകമലയിൽ സംഘടിച്ച് ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ സ്‌ഫോടനം നടത്താൻ പദ്ധതിയിട്ടുവെന്ന കേസ് 2016 ലാണ് എൻഐഎ രജിസ്റ്റർ ചെയ്തത്.

ഒമ്പത് പ്രതികളാണ് എൻഐഎ കുറ്റപത്രത്തിലുള്ളത്. ഇതിൽ 7 പേർക്ക് എൻഐഎ പ്രത്യേക കോടതി ശിക്ഷ വിധിച്ചിരുന്നു. ഒന്നാം പ്രതിയായ മൻഷീദ് ആണ് കുറ്റകൃത്യങ്ങളുടെ ബുദ്ധി കേന്ദ്രമെന്ന് കോടതി കണ്ടെത്തിയുന്നു.