കൊറോണയില്‍ അനാഥരായ കുട്ടികള്‍ക്ക് 5 ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ: കൈത്താങ്ങായി മോദി സർക്കാർ

രാജ്യത്ത് വലിയ നാശം വിതച്ച കൊറോണ മൂലം അനാഥരായ 18 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യ ആരോഗ്യ പരിരക്ഷയുമായി മോദി സര്‍ക്കാര്‍. ആയുഷ്മാന്‍ ഭാരത് മുഖേന 5 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയാണ് നല്‍കുക. കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി അനുരാഗ് താക്കൂര്‍ ആണ് ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് പദ്ധതി പ്രകാരമുള്ള പ്രീമിയം തുക അനുവദിക്കുകയെന്നും കേന്ദ്രമന്ത്രി ട്വീറ്റ് ചെയ്തു.

2020 മാര്‍ച്ച് 11 മുതല്‍ കൊറോണ മൂലം ജീവഹാനി സംഭവിച്ച മാതാപിതാക്കളുടെ കുട്ടികള്‍ക്ക് സംരക്ഷണം നല്‍കുകയായിരുന്നു പദ്ധതിയുടെ ഉദ്ദേശം. ഇതുപ്രകാരം അഞ്ച് ലക്ഷം രൂപയുടെ പരിരക്ഷ കൂടാതെ 23 വയസുവരെയുള്ള കാലയളവില്‍ സാമ്പത്തിക സാഹായമായി 10 ലക്ഷം രൂപയും അനുവദിക്കും. കുട്ടികള്‍ക്ക് വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നതിനും സ്വയംപര്യാപ്തത നേടുന്നതിനും വേണ്ടിയാണിത്. കഴിഞ്ഞ മെയ് 29നായിരുന്നു കുട്ടികള്‍ക്കായുള്ള ദുരിതാശ്വാസ പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്.