മുഹമ്മദ് ബിന്‍ സല്‍മാനുമായി മോദി ചര്‍ച്ച നടത്തി, ഇന്ത്യയുടെ ഹജ്ജ് ക്വാട്ട രണ്ട് ലക്ഷമായി ഉയര്‍ത്താന്‍ ധാരണ

 

നരേന്ദ്ര മോദി സൗദി കിരീടിവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി കൂടിക്കാഴ്ച നടത്തി. ജപ്പാനിലെ ഒസാക്കയില്‍ നടക്കുന്ന ജി-20 ഉച്ചകോടിക്ക് മുന്നോടിയായിട്ടായിരുന്നു ഇരുവരുടേയും കൂടിക്കാഴ്ച. വ്യാപാരം, നിക്ഷേപം, ഊര്‍ജ സുരക്ഷ, ഭീകരവാദം നേരിടല്‍ തുടങ്ങിയ കാര്യങ്ങളിലുള്ള സഹകരണം സംബന്ധിച്ചാണ് കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായത്.ഇന്ത്യയുടെ ഹജ്ജ് ക്വാട്ട രണ്ട് ലക്ഷമായി ഉയര്‍ത്തുമെന്ന് ചര്‍ച്ചയില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ചു.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായും ബ്രിക്സ് നേതാക്കളുമായും ചര്‍ച്ച നടത്തിയതിന് ശേഷമായിരുന്നു മോദി സൗദി കിരീടവകാശിയെ കണ്ടത്. ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യമാണ് സൗദി അറേബ്യ.

ഇതിനപ്പുറത്തേക്ക് ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വ്യാപിപ്പിക്കണമെന്ന് ഇരുനേതാക്കളും ധാരണയായി. ഇന്ത്യയും സൗദിയും തന്ത്രപരമായ കൂട്ട്ക്കെട്ട് ഉണ്ടാക്കുന്നതിന് തങ്ങളുടെ സര്‍ക്കാരുകള്‍ മുന്‍കൈയെടുക്കമെന്ന് ഇരുവരും പറഞ്ഞു.

ദക്ഷിണ കൊറിയന്‍ പ്രസിഡന്റുമായും മോഡി നയതന്ത്ര കൂടിക്കാഴ്ച നടത്തി. ഇരുരാഷ്ട്രങ്ങളും തമ്മില്‍ വിവിധ നയതന്ത്ര വിഷയങ്ങളില്‍ സഹകരിക്കാന്‍ കൂടിക്കാഴ്ചയില്‍ ധാരണയായതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.