‘ഒരു യഥാര്‍ത്ഥ പ്രധാന മന്ത്രി’ , ആംബുലന്‍സിന് വഴിയൊരുക്കി മോദി – വീഡിയോ

ആംബുലന്‍സിന് വഴിയൊരുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. അഹമ്മദാബാദില്‍ നിന്ന് ഗാന്ധിനഗറിലേക്കുള്ള യാത്രക്കിടയിലാണ് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം ആംബുലന്‍സിന് വഴിയൊരുക്കാനായി ഗുജറാത്തിലെ പ്രധാന റോഡില്‍ നിര്‍ത്തിയത്. പ്രധാനമന്ത്രി മോദിയുടെ വാഹനവ്യൂഹത്തിന്റെ ഭാഗമായ വാഹനം, ആംബുലന്‍ സിന് കടന്നുപോകാനായി റോഡിന്റെ ഇടതുവശത്തേക്ക് നീങ്ങുന്നതായി പുറത്തു വന്ന ദൃശ്യങ്ങളില്‍ കാണാവുന്നതാണ്.

പ്രധാനമന്ത്രിയുടെ വാഹനം റോഡില്‍ പാര്‍ക്ക് ചെയ്യുമ്പോൾ സുരക്ഷാ ഉദ്യോഗസ്ഥര്‍ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങി പരിസരം നിരീക്ഷിച്ചു. ആംബുലന്‍സ് മുന്നോട്ട് നീങ്ങിയതിന് ശേഷം മാത്രമാണ് പ്രധാനമന്ത്രി മോദിയുടെ വാഹനവ്യൂഹം തുടർന്ന് യാത്ര തിരിക്കുന്നത്. ‘ഒരു യഥാര്‍ത്ഥ മന്ത്രി’ എന്ന വിശേഷണത്തോടെ ബിജെപി ഗുജറാത്ത് ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. അഹമ്മദാബാദില്‍ റാലി നടത്തിയ ശേഷം ഗുജറാത്ത് തലസ്ഥാനമായ രാജ്ഭവനിലേക്ക് പോകുകയായിരുന്നു പ്രധാനമന്ത്രി.