ആകാശക്കുതിപ്പുമായി മോദി,രാജ്യത്തെ വിമാനത്താവളങ്ങളുടെ എണ്ണം 74ല്‍ നിന്ന് 140 ലേക്ക്, ലക്ഷ്യം 220

ന്യൂഡല്‍ഹി. മോദി സര്‍ക്കാരിന്റെ കാലത്ത് രാജ്യത്ത് വിമാനത്താവളങ്ങളുടെ എണ്ണം ഇരട്ടിയായതായി റിപ്പോര്‍ട്ട്. ആകാശക്കുതിപ്പുമായി മുന്നോട്ടു പോവുകയാണ് മോദി സർക്കാർ. രാജ്യത്തെ വിമാനത്താവളങ്ങളുടെ എണ്ണം 74ല്‍ നിന്ന് 140 ലേക്ക് എത്തുന്നു. മോദി സർക്കാർ ലക്ഷ്യം വെക്കുന്നതാവട്ടെ 220.

2014ല്‍ പ്രധാനമന്ത്രിയായി മോദി അധികാരമേല്‍ക്കുമ്പോള്‍ വിമാനത്താവളങ്ങളുടെ എണ്ണം 74 ആയിരുന്നു. ഇപ്പോള്‍ അത് 140 ആയി ഉയര്‍ന്നു. ഞായറാഴ്ച ഗോവയിലെ മോപ്പ വിമാനത്താവളത്തിന്റെ ഉദ്ഘാടനം അദ്ദേഹം നിര്‍വഹിക്കും. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 220 വിമാനത്താവളങ്ങള്‍ വികസിപ്പിക്കാനും പ്രവര്‍ത്തനക്ഷമമാക്കാനുമാണ് സര്‍ക്കാർ ലക്ഷ്യമോട്ടിരിക്കുന്നത്.

നവംബറില്‍ അരുണാചല്‍ പ്രദേശിലെ ഇറ്റാനഗറിലെ ആദ്യഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം മോദി നാടിന് സമര്‍പ്പിച്ചിരുന്നു. 2019ലാണ് ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിന് മോദി തറക്കല്ലിട്ടടത്. ജൂലൈയില്‍ ദിയോഘര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനവും മോദി നിര്‍വഹിച്ചു. നവംബറില്‍ തന്നെ ഉത്തര്‍പ്രദേശിലെ നോയിഡയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ തറക്കല്ലിട്ടു. ബുദ്ധമത കേന്ദ്രമായ കുശിനഗറിലെ വിമാനത്താവളം കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ മോദി ജനങ്ങള്‍ക്കായി തുറന്നു കൊടുത്തു.

ഞായറാഴ്ച ഉദ്ഘാടനം ചെയ്യാനിരിക്കുന്ന മോപ്പ അന്താരാഷ്ട്രവിമാനത്താവളത്തിന്റെ ശിലാസ്ഥാപനം 2016ലാണ് മോദി നിർവഹിച്ചത്. മോപ്പ ഗോവയിലെ രണ്ടാമത്തെ വിമാനത്താവളമാണ്. ദബോലിം വിമാനത്താവളത്തില്‍ നിന്നുള്ളതിനെക്കാള്‍ ഏറെ നവീകരിച്ചതും കൂടുതല്‍ സൗകര്യമുള്ളതുമാണ് പുതിയ വിമാനത്താവളം എന്ന പ്രത്യേകത കൂടി ഇതിനുണ്ട്.