ഇന്ത്യന്‍ ഒളിംപിക്സ് അസോസിയേഷന്‍ അധ്യക്ഷയായി പി.ടി.ഉഷ

ഡൽഹി: ഇന്ത്യന്‍ ഒളിംപിക്സ് അസോസിയേഷന്‍ അധ്യക്ഷയായി പി.ടി.ഉഷ തിരഞ്ഞെടുക്കപ്പെട്ടു. ഐ.ഒ.എ തലപ്പത്ത് എത്തുന്ന ആദ്യ വനിതയും ആദ്യമലയാളിയുമാണ് പി.ടി.ഉഷ. എതിരില്ലാതെയാണ് ഉഷ തിരഞ്ഞെടുക്കപ്പെട്ടത്. സുപ്രീംകോടതി മുൻ ജഡ്ജി എൽ. നാഗേശ്വർ റാവുവിന്റെ മേൽനോട്ടത്തിൽ നടന്ന തെരഞ്ഞെടുപ്പിലാണ് 58കാരിയായ ഉഷയെ എതിരില്ലാതെ തെരഞ്ഞെടുത്തത്.

രാഷ്ട്രീയ, ഭരണ രംഗങ്ങളിലെ പ്രമുഖരാണ് ഇതുവരെ ഐ.ഒ.എയുടെ തലപ്പത്തിരുന്നത്. ഈ പദവിയിലെത്തുന്ന ആദ്യ സജീവ കായിക താരം എന്ന പദവിയും ഇതോടെ പി.ടി. ഉഷക്ക് സ്വന്തമാകും. 1938 മുതൽ 1960 വരെ ഐഒഎ അധ്യക്ഷനായിരുന്ന യാദവീന്ദ്ര സിങ് മഹാരാജാവ് 1934ൽ ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിൽ കളിച്ചിരുന്നു എന്നതുമാത്രമാണ് ഇതുവരെയുള്ള ഐഒഎ പ്രസിഡന്റുമാരിലെ ഏക കായികബന്ധം.

താരമായും പരിശീലകയായും 46 വർഷം കായികമേഖലയ്ക്കായി ഉഴിഞ്ഞുവച്ചതാണ് പി.ടി.ഉഷയുടെ സമർപ്പിത ജീവിതം. അത്‍ലറ്റിക്സിൽ നൂറിലേറെ രാജ്യാന്തര മെഡലുകൾ നേടുകയും 2 ഒളിംപ്യന്മാരടക്കം 8 രാജ്യാന്തര കായികതാരങ്ങളെ വളർത്തിയെടുക്കുകയും ചെയ്ത ഉഷയെ ജൂലൈയില്‍ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തിരുന്നു. അർജുന അവാർഡും പത്മശ്രീ പുരസ്കാരവും പതിറ്റാണ്ടുകൾക്കു മുൻപേ ഉഷയെ തേടിയെത്തിയിരുന്നു.

അത്‌ലറ്റിക്സിലെ സമഗ്രസംഭാവനയ്ക്കു ലോക അത്‍ലറ്റിക്സ് ഫെഡറേഷൻ നൽകുന്ന ‘വെറ്ററൻ പിൻ’ അംഗീകാരത്തിന് ഉഷ അർഹയായത് 3 വർഷം മുൻപാണ്. ഒളിംപിക്സിൽ പങ്കെടുത്ത ആദ്യ മലയാളി വനിതയായ പി.ടി.ഉഷ, രാജ്യസഭയിലേക്കു നാമനിർദേശം ചെയ്യപ്പെടുന്ന ആദ്യ മലയാളി വനിതയെന്ന നേട്ടം കൂടി സ്വന്തം പേരിലാക്കിയിരുന്നു.