സി.പി.എമ്മിന്റെ പേരില്‍ ക്വട്ടേഷന്‍സംഘങ്ങളുടെ ഗുണ്ടാപ്പിരിവ്; നൽകിയില്ലെങ്കിൽ ഭീഷണി

താമരശ്ശേരി: ക്വട്ടേഷന്‍സംഘങ്ങൾ സി.പി.എമ്മിന്റെ പേരില്‍ വ്യാപകമായ ഗുണ്ടാപ്പിരിവ് നടത്തുന്നതായി പരാതി. വ്യാവസായികാടിസ്ഥാനത്തില്‍ നിലം മണ്ണിട്ടുനികത്തല്‍, വന്‍കിട ഭൂമിയിടപാടുകള്‍, മണ്ണ്-കല്ല് ഖനനം, കെട്ടിടസമുച്ചയ നിര്‍മാണങ്ങള്‍ തുടങ്ങിയവ നടക്കുന്ന സ്ഥലങ്ങളിലെത്തി സ്ഥലമുടമകളെയും ഗുണഭോക്താക്കളെയും തെറ്റിദ്ധരിപ്പിച്ചും ഭീഷണിപ്പെടുത്തിയും സംഘം പണം തട്ടിയെടുക്കുന്നു. താമരശ്ശേരി മേഖലയില്‍ സി.പി.എമ്മിന്റെ പേരിലാണ് ഈ തട്ടിപ്പ് നടക്കുന്നത്.

കൊലക്കേസ് പ്രതികള്‍ ഉള്‍പ്പെട്ടവരടങ്ങിയ ക്വട്ടേഷന്‍സംഘം സാങ്കേതികപ്രതിബന്ധങ്ങളുള്ള നിര്‍മാണപ്രവൃത്തികള്‍ നടക്കുന്ന സ്ഥലങ്ങളിലെത്തി ‘കാര്യം നടക്കാനുള്ള കമ്മിഷന്‍’ ഇനത്തിലാണ് അഞ്ചുമുതല്‍ 25 ലക്ഷം രൂപവരെ ആവശ്യപ്പെടുന്നു. പണം നൽകിയില്ലെങ്കിൽ പാര്‍ട്ടിഭാരവാഹികളുടെ നേതൃത്വത്തില്‍ അടുത്തദിവസങ്ങളിലെത്തി പ്രതിഷേധിക്കുമെനന്നാകും അടുത്ത ഭീഷണി. എന്നിട്ടും നടന്നില്ലെങ്കിൽ വധഭീഷണിയാണ് ഇവരുടെ അടുത്ത ആയുധം.

ചുങ്കത്തെ ഭൂമിവില്‍പ്പനയുമായും ബാലുശ്ശേരിറോഡിലെ ഒരു പെട്രോള്‍പമ്പില്‍ മണ്ണുനികത്തലുമായും ബന്ധപ്പെട്ടും പാര്‍ട്ടിയുടെ പേരില്‍ ഇത്തരം സംഘങ്ങള്‍ പണപ്പിരിവിന് ശ്രമിച്ചതോടെയാണ് ജില്ലാകമ്മിറ്റിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ സി.പി.എം. പ്രാദേശികനേതൃത്വം പ്രതിരോധവുമായി രംഗത്തെത്തിയത്. താമരശ്ശേരി മലബാര്‍ പ്രൊഡ്യൂസ് ആന്‍ഡ് റബ്ബര്‍ കമ്പനി ലിമിറ്റഡ് ഡയറക്ടറായ കോഴിക്കോട് സ്വദേശിയെ ഒരുസംഘം കാര്‍തടഞ്ഞ് വധഭീഷണി മുഴക്കിയെന്ന പരാതിയില്‍ താമരശ്ശേരി പോലീസ് റഫീഖ്, ഫിര്‍ദൗസ്, ജിഷ്ണു എന്നിവരുടെപേരില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കമ്പനിയുടെ ഉടമസ്ഥതയിലുള്ള ചുങ്കത്തെ ഭൂമിവില്‍പ്പന നടത്താനൊരുങ്ങിയപ്പോള്‍ അതിനെതിരേ ഭൂരേഖകളില്‍ ക്രമക്കേടുണ്ടെന്നാരോപിച്ച് ഇതേസംഘം ബോര്‍ഡ് സ്ഥാപിച്ചിരുന്നു. ഇവര്‍ പ്ലാന്റേഷന്‍ ഉടമയോടും വാങ്ങാനെത്തിയവരോടും ആദ്യം 25 ലക്ഷവും പിന്നീട് അഞ്ചുലക്ഷവും വീതം ചോദിക്കുകയും തുകനല്‍കിയില്ലെങ്കില്‍ ആക്രമിക്കുമെന്ന് ഭീഷണിമുഴക്കുകയും ചെയ്തു.

കൂടാതെ പ്രദേശത്തെ കുടിവെള്ളസുരക്ഷയുടെ പേരുപറഞ്ഞ് പെട്രോള്‍പമ്പില്‍നിന്ന് മറ്റൊരു സംഘം പണം പിരിച്ചെടുക്കാന്‍ നടത്തിയ ശ്രമം പുറത്തായത്. പ്ലാന്റേഷന്‍ ഉടമ വിഷയം നേരിട്ട് സി.പി.എം. ജില്ലാസെക്രട്ടറി പി. മോഹനന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് നേതൃത്വം വിഷയത്തിൽ ഇടപെട്ടു. ഗുണ്ടാപ്പിരിവ് വിവാദത്തില്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും ക്വട്ടേഷന്‍സംഘങ്ങളുടെ നടപടികള്‍ക്കെതിരേ ജനത്തെ അണിനിരത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് വിശദീകരണപൊതുയോഗം സംഘടിപ്പിച്ചതെന്നും സി.പി.എം. താമരശ്ശേരി ഏരിയാ സെക്രട്ടറി കെ. ബാബു അറിയിച്ചു.