കൈതോലപ്പായയിലെ പണം കടത്ത് പരാതി എഡിജിപിക്ക് കൈമാറി, പിടിച്ചുനിൽക്കാൻ പഴുതില്ലാതെ പിണറായി

കൈതോലപ്പായയിലെ പണം കടത്ത് പരാതി എ.ഡി.ജി.പിക്ക് കൈമാറി. സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ പരാതിയാണ് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിക്ക് കൈമാറിയത്. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിക്ക് കൈമാറിയത്എന്നു കേൾക്കുമ്പോൾ അതു പോലീസിൽ ഭദ്രമാകുമെന്നു കരുതുക വയ്യ. ഇപ്പോൾ പരാതി കൈയിൽ വച്ചിരിക്കുന്ന പോലീസ് മേധാവിയുടെ പഴയചെയ്തികൾ അത്രകണ്ട് നിഷ്പക്ഷമായിരുന്നോ എന്നു പരിശോധിക്കുമ്പോഴാണ് കൈതോലപ്പായ പരാതി നൽകിയത് ഒരു എം പി ആണെന്നിരിക്കിലും അതിന്മേൽ ഫലപ്രദമായ തുടർനടപടി ഉണ്ടാകുമോ എന്നു സംശയം ഉയരുന്നത്.

സി.പി.എം മുഖപത്രം ദേശാഭിമാനിയുടെ മുൻ അസോസിയേറ്റ് എഡിറ്റർ ജി. ശക്തിധരൻറെ വെളിപ്പെടുത്തലിൽ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് ബെന്നി ബഹനാൻ എം.പി നൽകിയ പരാതി എ.ഡി.ജി.പിക്ക് കൈമാറി. തിരുവനന്തപുരം മുതൽ ടൈം സ്ക്വയർ വരെ അറിയപ്പെടുന്ന നേതാവ് കൈതോലപ്പായയിൽ പൊതിഞ്ഞ് 2.35 കോടി രൂപ കൊച്ചിയിൽനിന്ന് തിരുവനന്തപുരത്തേക്ക് കാറിൽ കടത്തിയെന്നാണ് ദേശാഭിമാനി മുൻ പത്രാധിപ സമിതി അംഗം ജി. ശക്തിധരൻ ഫേസ്ബുക്കിൽ കുറിച്ചത്.

ഈ നേതാവ് പിണറായി വിജയനാണെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരനും വെല്ലുവിളി ഉയർത്തുന്നത്. സി.പി.എം ഉന്നത നേതാവ് രണ്ടു കോടിയിലേറെ രൂപ കൈതോലപ്പായയിൽ കെട്ടി കാറിൽ കടത്തിയെന്നും മറ്റൊരു വ്യവസായിയിൽ നിന്ന് 10 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നുമുള്ള ജി. ശക്തിധരൻറെ വെളിപ്പെടുത്തലിൽ അന്വേഷണം ആവശ്യപ്പെട്ടാണ് ബെന്നി ബഹനാൻ പരാതി നൽകിയത്.

ആരോപണം അതീവ ഗൗരവമുള്ളതാണെന്നും ശക്തിധരനിൽ നിന്ന് ഉടൻ മൊഴിയെടുക്കണമെന്നും അദ്ദേഹത്തിന് പൊലീസ് സംരക്ഷണം നൽകണമെന്നും ബെന്നി ബഹനാൻ ആവശ്യപ്പെട്ടു. പിണറായിയോട് അടുപ്പമുള്ളവർ കടലാസ് കമ്പനികൾ ഉപയോഗിച്ച് 1500 ഏക്കറോളം ഭൂമി വാങ്ങിക്കൂട്ടുകയും ഈ ഇടപാടുകളിൽനിന്നുള്ള 552 കോടിയോളം രൂപ വിദേശത്തേക്കു കടത്തിയെന്നുമാണ് ഓ​ൺ​ലൈ​ൻ പോ​ർ​ട്ട​ലാ​യ ‘ലീഡി’ൻറെ ആരോപണം. പണം കൊണ്ടുപോയ ഇന്നോവ കാറിൽ ഇപ്പോഴത്തെ മന്ത്രിസഭയിലെ അംഗവും ഉണ്ടായിരുന്നെന്നും ശക്തിധരൻ പറയുന്നു.

പിന്നീട് കോവളത്തെ ഹോട്ടലിൽ ഈ നേതാവിന് ഒരു കോടീശ്വരൻ രണ്ട് കവറിലായി പണം കൈമാറിയെന്നും അദ്ദേഹം ആരോപിക്കുന്നു. ഇതിൽ ഒരു കവർ രാത്രി 11 ആയിട്ടും പാർട്ടി സെൻററിൽ കാത്തുനിൽക്കുകയായിരുന്ന സീനിയർ ജീവനക്കാരനെ ഏൽപ്പിച്ചു. ഇദ്ദേഹം മറ്റൊരു സ്റ്റാഫിന്റെ സാന്നിധ്യത്തിൽ എണ്ണിയപ്പോൾ 10 ലക്ഷം രൂപയുണ്ടായിരുന്നു. ഒരു കവർ നേതാവ് ഓഫിസിൻറെ എതിർവശത്തെ ഫ്ലാറ്റിലേക്ക് കൊണ്ടുപോയി. ആ കവറിലും ഇത്രതന്നെ തുകയുണ്ടായിരുന്നിരിക്കാം.

കൊച്ചി കലൂരിലുള്ള തൻറെ പഴയ ഓഫിസിൽവെച്ചാണ് വൻ തോക്കുകളിൽ നിന്ന് നേതാവ് വാങ്ങിയ 2.35 കോടി രൂപ കൈതോലപ്പായയിൽ പൊതിഞ്ഞത്. പണം എണ്ണാൻ താനും സഹായിച്ചു. പ്രമുഖനായ നേതാവിൻറെ മകനായ സഹപ്രവർത്തകനൊപ്പം താനും പോയാണ് രണ്ടു വലിയ കൈതോലപ്പായ വാങ്ങിയത്. തനിക്കെതിരായ സൈബർ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് നേതാവിൻറെ പണമിടപാടുകൾ വെളിപ്പെടുത്തുന്നത്. സാധാരണ കള്ള് ചെത്തുകാരന്റെ കോടീശ്വരനായ മകനാണ് നേതാവ്. സൈബർ ഗുണ്ടകൾ ആക്രമണം ഉടൻ നിർത്തിയില്ലെങ്കിൽ ഇത്തരം എഴുത്തുകൾ തുടരുമെന്നും ശക്തിധരൻ മുന്നറിയിപ്പ് നൽകുന്നു.