ജോലി തട്ടിപ്പ് കേസിൽ കൂടുതൽ പരാതികൾ; നാല് കേസുകൾ കൂടി പോലീസ് രജിസ്റ്റർ ചെയ്തു

തിരുവനന്തപുരം. പൊതുമേഖലാ സ്ഥാപനമായ ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്‌സില്‍ ജോലി വാഗ്ദാനം ചെയ്ത് 15 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ കൂടുതല്‍ പരാതികള്‍. നാല് കേസുകള്‍ കൂടി റജിസ്റ്റര്‍ ചെയ്തു. മൂന്നു പരാതികള്‍ കന്റോണ്‍മെന്റ് പോലീസിലും ഒരെണ്ണം മ്യൂസിയം പോലീസിലുമാണ് ലഭിച്ചത്.

മൂന്നു പേര്‍ക്ക് 10 പേര്‍ക്ക് ലക്ഷം രൂപ വീതവും മറ്റൊരാള്‍ക്ക് ഏഴു ലക്ഷം രൂപയുമാണ് നഷ്ടപെട്ടതെന്നു പരാതിയില്‍ പറയുന്നു. ഇതുവരെ ആറു കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ടൈറ്റാനിയം പ്രോഡക്ട്‌സില്‍ കെമിസ്റ്റ് തസ്തികയില്‍ ജോലി വാഗ്ദാനം ചെയ്ത് 29 പേരില്‍ നിന്നു പണം വാങ്ങിയതായി കേസില്‍ അറസ്റ്റിലായ ദിവ്യജ്യോതിയുടെ ഡയറി രേഖകളില്‍ നിന്നു വ്യക്തമായിരുന്നു. അതിനാല്‍ കൂടുതല്‍ പേര്‍ പരാതിയുമായി സമീപിക്കുമെന്നാണ് പോലീസ് കരുതുന്നത്.

കൂടുതല്‍ പരാതി ലഭിച്ചാല്‍ കേസ് പ്രത്യേക സംഘത്തിനോ ജില്ലാ ക്രൈംബ്രാഞ്ചിനോ കൈമാറുമെന്നു സിറ്റി പോലീസ് കമ്മിഷണര്‍ ജി സ്പര്‍ജന്‍കുമാര്‍ പറഞ്ഞു. ടൈറ്റാനിയത്തിലെ ഡപ്യൂട്ടി ജനറല്‍ മാനേജര്‍ എന്‍ ശശികുമാരന്‍ തമ്പിയടക്കം അഞ്ച് പ്രതികളാണ് കേസിലുള്ളത്. ദിവ്യയുടെ ഭര്‍ത്താവ് രാജേഷ്, പ്രേംകുമാര്‍, ബോഡി ബില്‍ഡറും പവര്‍ ലിഫ്റ്റിങ് അസോസിയേഷന്‍ ജില്ലാ ഭാരവാഹിയുമായ സിഎസ് ശ്യാംലാല്‍ എന്നിവരാണു കേസിലെ മറ്റു പ്രതികള്‍.