‘കാരുണ്യത്തിന്‍റെ പര്യായമാണ് അമ്മ’ അമൃത ആശുപത്രി ഉദ്ഘാടനവേദിയിൽ മോദി

ഫരീദാബാദ്. ഹരിയാനയിലെ ഫരീദാബാദിൽ സ്ഥാപിച്ച അമൃത ആശുപത്രി പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമർപ്പിച്ചു. അത്യാധുനിക മെഡിക്കൽ സൗകര്യങ്ങളോടെ 2,600 കിടക്കകളും 81 സ്പെഷ്യാലിറ്റി വിഭാഗങ്ങളുമുള്ള ആശുപത്രിയാണ് നരേന്ദ്ര മോദി നാടിനായി തുറന്നു കൊടുത്തത്. ഹരിയാന ഗവർണർ ബന്ദാരു ദത്താത്രേയ, മുഖ്യമന്ത്രി മനോഹർ ലാൽ, മാതാ അമൃതാനന്ദമയി തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടന ചടങ്ങ് നടന്നത്.

‘സ്നേഹത്തിന്‍റെ കാരുണ്യത്തിന്‍റെ സേവനത്തിന്‍റെ ത്യാഗത്തിന്‍റെ പര്യായമാണ് മാതാ അമൃതാനന്ദമയി ദേവിഎന്നും, ഭാരതത്തിന്‍റെ തന്നെ മഹത്തായ ആധ്യാത്മിക പാരമ്പര്യത്തിന്‍റെ നേരവകാശിയാണ് അമ്മയെന്നും, ഉദ്ഘാടന പ്രസംഗത്തിൽ അമൃതാനന്ദമയിയെക്കുറിച്ച് മലയാളത്തിൽ പ്രധാനമന്ത്രി പറഞ്ഞു. കൈകൂപ്പി വണങ്ങി അമൃതാനന്ദമയി, നരേന്ദ്ര മോദിയുടെ വാക്കുകളെ സ്വീകരിക്കുകയായിരുന്നു.

ആരോഗ്യ സംരക്ഷണവും ആത്മീയതയും പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന രാജ്യമാണ് ഇന്ത്യ എന്ന് പ്രധാനമന്ത്രി പറയുകയുണ്ടായി. 130 ഏക്കറിൽ ഒരുക്കിയ അമൃത ക്യാംപസിൽ, 150 സീറ്റുകളുള്ള റസിഡൻഷ്യൽ എംബിബിഎസ് പ്രോഗ്രാം, നഴ്സിങ് കോളജ് എന്നിവയുള്ള അമൃത ക്യാംപസിൽ 36 ലക്ഷം ചതുരശ്രയടിയിലുള്ള 14 നില കെട്ടിടമാണ് ഫരീദാബാദിൽ നിര്‍മിച്ചിരിക്കുന്നത്. ഗാസ്‌ട്രോ സയന്‍സ്, എല്ല് രോഗ വിഭാഗം, ട്രാന്‍സ്പ്ലാന്റേഷന്‍ തുടങ്ങി എട്ടോളം വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കും. ഇന്ത്യയിലെ ഏറ്റവും വലിയ ഹരിത ബിൽഡിങ് ഹെൽത്ത് കെയർ പ്രൊജക്ടാ ണിതെന്നു അധികൃതർ പറഞ്ഞിട്ടുണ്ട്.